പോലീസിനെ അപായപ്പെടുത്താന്‍ കഞ്ചാവ്‌ റാക്കറ്റിന്റെ ശ്രമം : ഇരവിപേരൂരിലെ കാഞ്ചാവ്‌ റാക്കറ്റ്‌ നേതാവ്‌ പിടിയില്‍

തിരുവല്ല ; കഞ്ചാവ്‌ കടത്ത്‌ സംഘത്തെ പിടികൂടാനെത്തിയ എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമം. സംഘത്തെ പിന്‍തുടര്‍ന്ന പോലീസ്‌ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വാഹനവും രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. 2022 ഫെബ്രുവരി 11 വെളളിയാഴ്‌ച അര്‍ദ്ധരാത്രിയോെയായിരുന്നു സംഭവം.വളളംകുളം പുത്തന്‍ പറമ്പില്‍ വിനീത്‌ (28), കോഴിമല ,തോട്ടപ്പുഴ കോന്നോത്ത്‌ ഗൗതം(26)എന്നിവരാണ്‌ പിടിയിലായത്‌. രണ്ടുപേര്‍ ഓടി രക്ഷപെട്ടു.

റാന്നി ഭാഗത്തുനിന്നും തിരുവല്ലയിലേക്ക്‌ കഞ്ചാവുമായി വരുന്നുവെന്ന്‌ ജില്ലാ പോലീസ്‌ മേധാവിക്ക്‌ ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന്‌ ഷഡോ സംഘം രാത്രി 12 മുതല്‍ കാറിനെ പിന്തുടരുകയായിരുന്നു. ഇരവിപേരൂരിന്‌ സമീപം വെണ്ണിക്കുളം റോഡിലെത്തിയപ്പോള്‍ തിരുവല്ല എസ്‌ഐ അനീഷ്‌ എബ്രഹാം റോഡിന്‌ കുറുകെ ജീപ്പ്‌ ഇട്ട്‌ തടഞ്ഞു. ഇത്‌ കണ്ട കഞ്ചാവ്‌ സംഘം കാര്‍ പിന്നോട്ടെടുത്ത്‌ ഓടിച്ചുപോകാന്‍ ശ്രമിച്ചു. കാറില്‍ കയറി പിടിച്ച തിരുവല്ല എസ്‌ഐയുമായി ഏതാണ്ട്‌ 30 മീറ്ററോറോളം കാര്‍ ഓടി. അപ്പോഴേക്കും എസ്‌ ഐ വീണുപോയി . കൈക്ക്‌ പരിക്കുപറ്റിയ അദ്ദേഹം ചികിത്സയിലാണ്‌.

രക്ഷപെട്ട സംഘത്തെ എസ്‌ഐയും ഷാഡോസംഘവും പിന്‍തുടര്‍ന്ന്‌ വളളംകുളം പാലത്തിന്‌ സമീപത്തുവച്ച്‌ തടയുകയായിരുന്നു. ഇവിടെ വച്ചാണ്‌ രണ്ടുപേര്‍ ഓടിരക്ഷപെട്ടത്‌. ഇരവിപേരൂരിലെ കഞ്ചാവ്‌ കടത്ത്‌ റാക്കറ്റിന്റെ നേതാവാണ്‌ പിടിയിലായ വിനീത്‌. ഏഴ്‌ കഞ്ചാവ്‌ കടത്തുകേസുകളില്‍ ഇയാള്‍ പ്രതിയാണ്‌ . മൂന്നുമാസം മുമ്പും ഷാഡോ സംഘത്തിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ച്‌ ഇയാള്‍ കഞ്ചാവുമായി രക്ഷപെട്ടിരുന്നു. എസ്‌ഐയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കഞ്ചാവ്‌ കടത്തിയതിനുമായി രണ്ടു കേസുകള്‍ ഇവര്‍ക്കെതിരെ ചാര്‍ജ്‌ ചെയ്‌തിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →