കോഴിക്കോട്: നഗരവാസികള്‍ക്കും ദീര്‍ഘദൂര വാഹന യാത്രക്കാര്‍ക്കും പ്രയോജനകരമാവുംവിധം കൊയിലാണ്ടി നഗരമധ്യത്തില്‍ ഇനി ‘ടേക്ക് എ ബ്രേക്ക്’ സംവിധാനമുണ്ടാവും. ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം ഈ മാസം അവസാനത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് നഗരസഭയുടെ തീരുമാനം.
സംസ്ഥാന സര്‍ക്കാരിന്റെ 12 ഇന പരിപാടിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്ക് സംവിധാനത്തില്‍ താത്കാലിക വിശ്രമത്തിനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള സൗകര്യങ്ങളും വനിതാ സൗഹൃദ കേന്ദ്രവും മുലയൂട്ടല്‍ കേന്ദ്രവും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളും കോഫി ഷോപ്പും ഒരുക്കിയിട്ടുണ്ട്.
മൂന്ന് ടേക്ക് എ ബ്രേക്ക് സംവിധാനങ്ങളാണ് നഗരസഭ പരിധിയില്‍ ഒരുക്കുന്നത്. നഗരത്തിനും നഗരസഞ്ചയ പ്രദേശങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അര്‍ബന്‍ അഗ്ലോമെറേഷന്‍ ഫണ്ട് ഉപയോഗിച്ചാണ് പുതിയ വിശ്രമ കേന്ദ്രത്തിന്റെ നിര്‍മ്മാണം. 20 ലക്ഷംരൂപ ചെലവിലാണ് നിര്‍മ്മാണം.
10 ലക്ഷം രൂപവീതം ചെലവില്‍ കണയംകോടും, ആനക്കുളത്തും ടേക്ക് എ ബ്രേക്ക് സംവിധാനം ഒരുക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജില്ലാകലക്ടറുടെ അനുമതി ലഭിക്കുന്നപക്ഷം ശുചിത്വമിഷന്റെ സഹകരണത്തോടെ മാര്‍ച്ച് അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. നഗരസഭയുടെ പ്ലാന്‍ഫണ്ട് ഉപയോഗിച്ചായിരിക്കും ഇതിന്റെ നിര്‍മ്മാണം. ടേക്ക് എ ബ്രേക്കുകളുടെ നടത്തിപ്പിനായി കോഫീ ഷോപ്പ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.

