കോട്ടയം: വികസന പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കണം കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ നടപടിക്ക് ജില്ലാ വികസന സമിതിയുടെ നിർദേശം- തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 125 പ്രവൃത്തികൾക്ക് 1946.24 ലക്ഷം രൂപയുടെ ഭരണാനുമതി

കോട്ടയം: വേനൽ ശക്തമാകുന്ന സാഹചര്യത്തിൽ കുടി വെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കുടിവെള്ളലഭ്യത ഉറപ്പാക്കാനും ജല അതോറിറ്റിക്ക് ജില്ലാ വികസന സമിതിയുടെ നിർദ്ദേശം. ജില്ലാ കളക്ടർ ഡോ. പി.ജെ. ജയശ്രീയുടെ അധ്യക്ഷതയിൽ ഓൺലൈനായി കൂടിയ ജില്ലാ വികസന സമിതി യോഗത്തിലാണ് എം.എൽ.എ.മാർ കുടിവെള്ളക്ഷാമം സംബന്ധിച്ച വിഷയം ഉന്നയിച്ചത്.

ശുദ്ധജല വിതരണ പദ്ധതിയുടെ സ്രോതസുകളിലെ ജലലഭ്യതയും വിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. പൈപ്പുലൈനുകൾ സ്ഥാപിക്കുന്നതിനായി പൊളിക്കുന്ന റോഡുകൾ ഗുണനിലവാരത്തോടെ തന്നെ പൂർവസ്ഥിതിയിലാക്കിയെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. മുടങ്ങിക്കിടക്കുന്നതും മന്ദഗതിയിലുള്ളതുമായ ജലവിതരണ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിന് കളക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും. പൂർത്തീകരിക്കാത്ത പദ്ധതികളുടെ കരാറുകാരിൽ നിന്ന് വിശദീകരണം തേടും. ആവശ്യമെങ്കിൽ കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാരിന് റിപ്പോർട്ടു നൽകും.

മാർച്ച് 31നകം വാർഷിക പദ്ധതികൾ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വകുപ്പു മേധാവികൾക്ക് നിർദ്ദേശം നൽകി. ഓരോ വകുപ്പിന്റെയും പദ്ധതി നിർവഹണ പുരോഗതിയും പദ്ധതി തുക വിനിയോഗവും യോഗം വിലയിരുത്തി. ഭരണാനുമതി ലഭിച്ച റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ ടെണ്ടർ നടപടികൾ വേഗത്തിലാക്കണം. നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും സമയബന്ധിതമായി പൂർത്തീകരിക്കുന്നുണ്ടെന്ന് വകുപ്പു മേധാവികൾ ഉറപ്പു വരുത്തണമെന്നും നിർദ്ദേശിച്ചു. നിർവഹണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന  പ്രശ്‌നങ്ങൾ ജില്ലാ കളക്ടറേയും ബന്ധപ്പെട്ട എം.പി, എം.എൽ.എ.മാരേയും അറിയിക്കണം. ഫെബ്രുവരി മൂന്നാംവാരം നിർവഹണ പുരോഗതി വിശദമായി വിലയിരുത്തുന്നതിന് യോഗം ചേരും.

ഉപയോഗയോഗ്യമല്ലാതെ, അപകടകരമായ നിലയിൽ ഏറ്റുമാനൂർ ആശുപത്രി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന പഴയ വാട്ടർ ടാങ്ക് ഡീ കമ്മീഷൻ ചെയ്ത് നീക്കം ചെയ്യുന്നതിന് നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. കൊമ്പുകുത്തിയിൽ പുലിയിറങ്ങിയതുമായി ബന്ധപ്പെട്ട് കാമറ സ്ഥാപിച്ചതായും കൂട് സ്ഥാപിക്കുന്നതിനായി അനുവാദം തേടിയിട്ടുണ്ടെന്നും നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡി.എഫ്.ഒ. യോഗത്തെ അറിയിച്ചു. പ്രളയത്തിൽ ഡെക് സ്‌ളാബ് ഒഴുകിപ്പോയ ചെറുവള്ളി പാലം പുനർനിർമ്മിക്കുന്നതിനുള്ള ഇൻവസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചായി പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ ആസ്തികൾ തിട്ടപ്പെടുത്തിയതായും രണ്ട് ആഴ്ചയ്ക്കുള്ളിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും റവന്യൂ-പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കോട്ടയം നഗരത്തിലടക്കം കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1946.24 ലക്ഷം രൂപയുടെ 125 പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ടെണ്ടർ നടപടി പുരോഗമിക്കുകയാണ്. പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കും. ഈരയിൽക്കടവ് വാക്ക്-വേയ്ക്ക് സമീപത്തെ അനധികൃത പാർക്കിംഗ്, മാലിന്യം നിക്ഷേപിക്കൽ എന്നിവ തടയാൻ പൊലീസ് നിരീക്ഷണവും പട്രോളിംഗും കർശനമാക്കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

ചങ്ങനാശേരി-കറുകച്ചാൽ റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയതായും കൂടുതൽ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിന് എക്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കുറിച്ചി സെന്റ് ഗിസ്റ്റ് കോളജിനു സമീപം തകർന്ന കലുങ്ക് പാലമാക്കി നിർമിക്കുന്നതിനുള്ള മണ്ണുപരിശോധന എസ്റ്റിമേറ്റ് തയാറാക്കി. മാടപ്പള്ളി ചേന്ദമറ്റം പാലത്തിന്റെ കൈവരികൾ നന്നാക്കാൻ നടപടി സ്വീകരിച്ചു. ജില്ലയിലെ സബ് ട്രഷറികളുടെ നിർമാണ പ്രവർത്തനം വിലയിരുത്തുന്നതിനായി പ്രത്യേകയോഗം വിളിക്കാൻ തീരുമാനിച്ചു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മോൻസ് ജോസഫ്, എം.പിമാരായ തോമസ് ചാഴികാടൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പ്രതിനിധികൾ എന്നിവർ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു നിർവഹണ പുരോഗതി വിശദീകരിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാതല ഉദ്യാഗസ്ഥർ പങ്കെടുത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →