തൃശൂര്‍: അമ്മയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. കൊരട്ടി പാറക്കൂട്ടം സ്വദേശിനി തണ്ടേങ്ങാട്ടില്‍ വീട്ടില്‍ സുഭദ്ര(70)യെയാണ് മകന്‍ ശ്രീജന്‍ ആക്രമിച്ചത്. ശ്രീജനെ (53) പോലീസ് അറസ്റ്റ് ചെയ്‌തു. . 2022 ജനുവരി 24ന് രാത്രി മദ്യപിച്ചുവന്ന് ഭാര്യയെ ആക്രമിക്കുന്നത് അമ്മ ചോദ്യം ചെയ്‌തപ്പോള്‍ ഡൈനിംഗ് മേശയിലുണ്ടായിരുന്ന കുപ്പിഗ്ലാസുകൊണ്ട് തലക്കടിക്കുകയും ചുറ്റിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
മകന്‍ ഇത്തരത്തില്‍ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് സുഭദ്ര പോലീസിനോട് പറഞ്ഞു. വിവരമറിഞ്ഞ കൊരട്ടി പോലീസ് നൈറ്റ് പട്രോളിംഗ് അംഗങ്ങള്‍ സ്ഥലത്തെത്തി തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ മുങ്ങി കിടക്കുകയായിരുന്ന സുഭദ്രയെ പോലീസ് ജീപ്പില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സുഭദ്രയുടെ തലയില്‍ പത്തോളം തുന്നല്‍ ആവശ്യമായിവന്നു.
പിടിയിലായ ശ്രീജന്‍ വീട്ടുകാരെ ആക്രമിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മുമ്പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ (25.01.2022) വെളുപ്പിനെയാണ് പിടിയിലായത്.

