നടന്‍ ദിലീപിന്റെ ചോദ്യംചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടന്‍ ദിലീപിന്റെ ചോദ്യംചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു. സംവിധായകരായ അരുണ്‍ ഗോപിയെയും റാഫിയെയും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി. ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ ജീവനക്കാരനെയും വിളിപ്പിച്ചു.

ദിലീപ് ജയിലിലാകും മുന്‍പ് അഭിനയിച്ച രാമലീലയുടെ സംവിധായകനാണ് അരുണ്‍ ഗോപി. രാമലീലയുടെ സെറ്റില്‍ വെച്ച് ഗൂഢാലോചന നടന്നിരുന്നുവെന്ന് നേരത്തെ മൊഴികളുണ്ടായിരുന്നു. അതുകൊണ്ടാണ് സംവിധായകനെ വിളിച്ചത്. ദിലീപിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ തിരക്കഥ എഴുതാന്‍ ഏല്‍പ്പിച്ചത് റാഫിയെയാണെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.

എന്നാല്‍ ദിലീപ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ റാഫിയുടെ പേരില്ല. താനാണ് സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ് ദിലീപിന്റെ മൊഴി. ആറ് വര്‍ഷമായിട്ടും സിനിമയുടെ കഥയോ തിരക്കഥയോ പൂര്‍ത്തിവാത്തതുകൊണ്ടാണ് പിന്മാറിയതെന്നും ദിലീപ് മൊഴിയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ പറയുന്നത് താനാണ് സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ്. ദിലീപിന്റെയും ബാലചന്ദ്രകുമാറിന്റെയും മൊഴികളിലെ വൈരുധ്യങ്ങളെ കുറിച്ച് ചോദിക്കാനാണ് റാഫിയെ വിളിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →