ഇടുക്കി: സംസ്ഥാനത്തെ തമിഴ് കന്നഡ സ്കൂളുകളില്‍ സ്ഥാനകയറ്റം, സ്ഥലം മാറ്റം എന്നിവ വഴി നിയമിക്കപ്പെടുന്ന പ്രഥമാധ്യാപകരുടെ മാതൃഭാഷ ആ സ്കൂളിലെ ബോധനമാധ്യമം ആയിരിക്കണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവായി. മലയാളം, തമിഴ്, കന്നഡ മീഡിയം സ്കൂളുകളില്‍ ബോധനമാധ്യമത്തില്‍ പ്രാവീണ്യമില്ലാത്തവര്‍ പ്രഥമാധ്യാപകരായി വരുന്നത് കുട്ടികളുടെ പഠനത്തെയും സ്കൂളിന്റെ അക്കാദമിക് നിലവാരത്തേയും ബാധിക്കും. ഇത്തരത്തില്‍ അധ്യാപകരെ നിയമിക്കുന്നത് കുട്ടികളുടെ അവകാശ നിയമങ്ങളുടെ ലംഘനമായി കണ്ട് കമ്മീഷന് അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്മേല് സ്വീകരിച്ച നടപടി 60 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി. ഇടുക്കിയിലും മറ്റ് ചില ജില്ലകളിലും മലയാളം മീഡിയം സ്കൂളുകളില്‍ തമിഴ് അധ്യാപകരെ നേരിട്ടും സ്ഥലം മാറ്റം മുഖേനയും പ്രഥമാധ്യാപകരായി നിയമിക്കുന്നു. മലയാളം അറിയാത്ത പ്രഥമാധ്യാപകര്‍ക്ക് പഠിപ്പിക്കാനോ മറ്റ് അധ്യാപകരുടെ ടീച്ചിങ് നോട്സ് പരിശോധിക്കാനോ കഴിയില്ല. മലയാളം മീഡിയം സ്കൂളുകളില്‍ മലയാള ഭാഷാപ്രാവീണ്യമുള്ളവരെ മാത്രമേ പ്രഥമാധ്യാപകരായി നിയമിക്കാവൂ തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിച്ച് വെള്ളത്തൂവല്‍ ഗവണ്മെന്റ് എല്‍.പി. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് കമ്മീഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
ഇടുക്കി: തമിഴ് കന്നഡ സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ മാതൃഭാഷ ആ സ്കൂളിലെ ബോധന മാധ്യമം ആയിരിക്കണം: ബാലാവകാശ കമ്മീഷന്
