കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ മന്ത്രി സഭയുടെ പരിസ്ഥിതി നയരേഖ

2021 ഡിസംബര്‍ 15 ന്റെ കേരള മന്ത്രിസഭായോഗം വന പുനഃസ്ഥാപന രേഖയ്ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്. ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ ഇനി ഉത്തരവുകളും ഭരണ നടപടികളും ഉണ്ടാവും.

പശ്ചിമഘട്ടം മുതല്‍ സമുദ്രതീരം വരെയുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ജൈവസമ്പത്തിന്റെ സംരക്ഷണം, ജലസംരക്ഷണം, കാലാവസ്ഥാവ്യതിയാനം ചെറുക്കല്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളുടെ പരിഹാരം ആണ് പരിസ്ഥിതി നയരേഖയില്‍ ഉള്ളത് എന്ന് വനം മന്ത്രി വിശദീകരിക്കുന്നു.

കാലാവസ്ഥാമാറ്റം എന്ന ആഗോള സ്ഥിതിവിശേഷം വരെ ചെറുത്തു കളയാന്‍ കേരളമെന്ന കൊച്ചു സ്ഥലത്തെ മന്ത്രിസഭ സ്വീകരിച്ചിരിക്കുന്ന നയരൂപരേഖ എന്താണെന്ന് പരിശോധിക്കാം. പ്രകൃതി ദുരന്ത സാധ്യതാപ്രദേശങ്ങളും വന്യജീവി വഴിത്താരകളും ഏറ്റെടുത്ത് സ്വാഭാവിക വനങ്ങള്‍ ആക്കും. ശോഷിച്ച വനങ്ങള്‍, വാറ്റില്‍ യൂക്കാലി തോട്ടങ്ങള്‍, പരാജയപ്പെട്ട തേക്ക് തോട്ടങ്ങള്‍, നദീതീരങ്ങള്‍ എന്നിവയും വനമാക്കും- ഇതാണ് പരിപാടി.

ഇതിനെ നയം എന്ന് വിളിച്ചാല്‍ പിന്നെ നയത്തിനെ എന്ത് വിളിക്കും എന്ന ചോദ്യമുണ്ട്. ഇത് ഒരു ഭരണ നടപടി മാത്രമാണ്. യാതൊരു നയസമീപനവും ഇല്ല. നയം ആയാലും നടപടി ആയാലും നടക്കാന്‍ പോകുന്നത് എന്താണ് എന്ന് പരിശോധിക്കാം.

പ്രകൃതി ദുരന്ത സാധ്യതാ പ്രദേശങ്ങളെ സ്വാഭാവിക വനം ആകുമ്പോള്‍ എന്ത് സംഭവിക്കും? എത്രയാണ് പ്രകൃതി ദുരന്ത സാധ്യതാ പ്രദേശങ്ങള്‍? കടല്‍ത്തീരം ഉള്‍പ്പെടെ കേരള വിസ്തൃതിയുടെ നാലില്‍ മൂന്ന് ഭാഗം പ്രദേശവും ഇതിന്റെ പരിധിയില്‍ ഉണ്ട് എന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ രേഖകള്‍ പറയുന്നു. അത്രയും പ്രദേശങ്ങള്‍ സ്വാഭാവിക വനമാക്കി പുനസ്ഥാപിക്കലാണ് പരിപാടി. പട്ടാള ഭരണത്തിന്‍ കീഴില്‍ എന്നപോലെ വനംവകുപ്പിന്റെ ഭരണത്തിന്‍ കീഴില്‍ ഈ പ്രദേശങ്ങള്‍ വരുമെന്ന് അര്‍ത്ഥം.

ദുരന്തസാധ്യതാ പ്രദേശങ്ങളായി ഉടനെ നോട്ടിഫൈ ചെയ്യപ്പെടാന്‍ പോകുന്ന പ്രദേശങ്ങള്‍ ഏതാണ്?

45 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങള്‍ എന്നാണ് ഉത്തരം. ആ പ്രദേശങ്ങള്‍ ഇടനാട്ടിലോ തീരപ്രദേശത്തോ അല്ല. ആലപ്പുഴ ഒഴികെയുള്ള ബാക്കി 13 ജില്ലകളിലായി പടര്‍ന്നുകിടക്കുന്ന മലനാട് പ്രദേശങ്ങളില്‍ നല്ല പങ്ക് ഭൂമിയും മലഞ്ചെരിവുകളാണ്. അതു മുഴുവനും വനം ആക്കി മാറ്റുകയാണ് പരിപാടിയെന്ന് വ്യക്തം. 60 ലക്ഷം പേര്‍ അധിവസിക്കുന്ന ഒരു മേഖലയുടെ കാര്യമാണിത്. ഇങ്ങനെ വനമായി മാറാന്‍ പോകുന്ന ദുരന്തസാധ്യതാ പ്രദേശത്തുളളവര്‍ എന്തു ചെയ്യും? 15 ലക്ഷം രൂപ സര്‍ക്കാര്‍ തരും. വാങ്ങി ഇറങ്ങി പോകാന്‍ നിര്‍ബന്ധിക്കരുതെന്നാണ് മന്ത്രിസഭയുടെ നയസമീപനം. വനമായി മാറി ഫോറസ്റ്റുകാരും മൃഗങ്ങളും മേഞ്ഞു തുടങ്ങുമ്പോള്‍ നിര്‍ബന്ധിക്കാതെ തന്നെ ഇറങ്ങി പൊയ്‌ക്കൊള്ളുമെന്നത് ആര്‍ക്കാണറിയാത്തത്.

ഇതിനു പുറമേ വനമാക്കി മാറ്റുന്ന പ്രദേശങ്ങള്‍ കൂടി കാണുക. വാറ്റില്‍-യൂക്കാലി തോട്ടങ്ങള്‍, പരാജയപ്പെട്ട തേക്ക് തോട്ടങ്ങള്‍, നദീതീരങ്ങള്‍ എന്നിവിടങ്ങളും വനമാക്കും. ഈ തോട്ടങ്ങള്‍ നല്ല പങ്കും റവന്യൂ ഭൂമിയില്‍ ആണ്. വനംവകുപ്പ് കയ്യേറി പ്രകൃതി വിരുദ്ധ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച് നശിപ്പിച്ച പ്രദേശങ്ങള്‍ ആണ്. ഭൂ ലഭ്യത ഇല്ലാത്ത കേരളത്തില്‍ ആ റവന്യൂ ഭൂമികള്‍ കൂടി സ്വാഭാവിക വനം ആക്കി മാറ്റും ദീര്‍ഘമായ നദീ തീരങ്ങള്‍ കേരളത്തില്‍ ഉണ്ടല്ലോ.

ആ നദീ തീരങ്ങള്‍ കൂടി വനം ആക്കുന്നതോടെ വനം അല്ലാതെ എത്ര ഭൂമി കാണും? വന്യജീവികളുടെ താര ഏതെന്നും എത്ര കിലോ മീറ്റര്‍ വീതിയിലും എത്ര നീളത്തിലും ആണെന്ന് അറിയാവുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം. വന്യജീവികളുടെ സഞ്ചാരപാത എന്നത് വനംവകുപ്പിന്റെ സങ്കല്പവും തന്ത്രവുമാണ്. ഇനി വരാന്‍ പോകുന്ന നാളുകളില്‍ വന്യജീവികള്‍ മാത്രമല്ല വനംവകുപ്പ് ജീവികള്‍ കൂടി കര്‍ഷകരുടെ ഭൂമിയില്‍ കയ്യേറി അവരെ ഉപദ്രവിക്കുകയും കൊല്ലുകയും ഒക്കെ ചെയ്യുമെന്ന് വ്യക്തം.

ഇത് ജനപ്രതിനിധികളുടെ പങ്കാളിത്തമുള്ള നയമോ പ്രവര്‍ത്തന പദ്ധതിയോ അല്ലെന്ന് വ്യക്തമാണ്. മലനാട് പ്രദേശങ്ങളിലെ മുഴുവന്‍ ജനവാസവും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അവരുടെ മേധാവികളായ അന്താരാഷ്ട്ര ഫണ്ടിങ്ങ് ഏജന്‍സികളും ആരംഭിച്ചിരിക്കുന്ന ദീര്‍ഘകാല പരിപാടികളില്‍ അതിപ്രധാനമായ നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. മന്ത്രിസഭയെ വെച്ച് ഉദ്യോഗസ്ഥര്‍ വിളയാടുക യാണ്. സ്ഥിരം സംവിധാനമായ ബ്യൂറോക്രസിയുടെ ക്രൂരതയാല്‍ 60 ലക്ഷം കര്‍ഷക ജീവിതങ്ങളെ പിഴുതെറിയാന്‍ പോവുകയാണ്. കര്‍ഷകന്റെ വിയര്‍പ്പു മാത്രമല്ല ചോരയും ദാഹിച്ചാണ് നീക്കം. പടിപടിയായി നടപ്പാക്കി കയ്യടക്കാമെന്ന മോഹം കര്‍ഷകര്‍ ചതി തിരിച്ചറിയുന്ന നിമിഷം പൊളിഞ്ഞു വീഴും. മലനാട് പ്രദേശങ്ങള്‍ കര്‍ഷക പോരാട്ടങ്ങളിലേക്ക് വളരുമെന്നും കലാപങ്ങളുടെ നാളുകളാണ് മുന്നിലെന്നും വ്യക്തമാണ്.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

Share