കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെയടക്കം വേവിച്ച മുട്ടയും താറാവ്, കോഴി ഇറച്ചിയും പൂർണമായും ഭക്ഷ്യയോഗ്യമാണെന്ന് ചീഫ് മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. നന്നായി വേവിച്ചവ ഭക്ഷ്യയോഗ്യമാണ്.
രോഗം ബാധിച്ചതോ രോഗം ബാധിച്ച് ചത്തതോ ആയ കോഴികളുടെയും താറാവുകളുടെയും മാംസം കഴിക്കുകയോ മറ്റുള്ളവർക്ക് കഴിക്കാൻ നൽകുകയോ ചെയ്യരുത്. ചത്തതോ രോഗംബാധിച്ചതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുന്നതിന് കൈയുറയും മാസ്‌കും ഉപയോഗിക്കണം.
പച്ച മാംസം കൈകാര്യം ചെയ്തതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. രോഗബാധ വന്ന് ചത്തുപോകുന്ന കോഴികളെയും താറാവുകളെയും വെള്ളത്തിലോ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലോ ഉപേക്ഷിക്കരുത്. ഇവയെ കത്തിച്ച് നശിപ്പിക്കണം. വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണം.