മലപ്പുറം: പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതി സംസ്ഥാനത്ത് മാതൃകാപരമായി നടപ്പാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

മലപ്പുറം: സമ്പൂര്‍ണ നിരക്ഷരത നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന  പഠ്‌ന ലിഖ്‌നാ അഭിയാന്‍ പദ്ധതി ഒന്നാംഘട്ട സാക്ഷരതാ പ്രവര്‍ത്തനം പോലെ മാതൃകാപരമായി നടപ്പാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍  പറഞ്ഞു. പദ്ധതിയുടെ ജില്ലാതല സര്‍വ്വേ താനാളൂര്‍ ഗ്രാമ പഞ്ചായത്തിലെ മഞ്ചാടിക്കുന്ന് കോളനിയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനിയിലെ ഒട്ടുമ്മല്‍ ഹംസയെ പഠിതാവായി ചേര്‍ത്താണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മലപ്പുറം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 2021 ഡിസംമ്പര്‍ 20ന് തുടങ്ങി 2022 മാര്‍ച്ച് 31 ന് അവസാനിക്കും വിധമാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. സിനി, പി.സതീശന്‍, അംഗങ്ങളായ ഷെബിര്‍ കുഴിക്കാട്ടില്‍, സുലൈമാന്‍ ചാത്തേരി, സെക്രട്ടറി പി. രാംജിലാല്‍, സാക്ഷരതാ മിഷ്യന്‍ ജില്ലാ കോ-ഡിനേറ്റര്‍ സി.അബ്ദുല്‍ റഷീദ്, അസി. കോ-ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, മലപ്പുറം ഡയറ്റ് ലക്ചറര്‍ എസ്. ബിന്ദു, സാക്ഷരതാ സമിതി അംഗം മുജീബ് താനാളൂര്‍, പ്രേരക് എ.വി. ജലജ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →