തൃശ്ശൂർ: നെൽകർഷകർക്ക് സർവ പിന്തുണയും നൽകും: മന്ത്രി പി പ്രസാദ്

തൃശ്ശൂർ: പാടശേഖരങ്ങളിൽ വൈറസ് ബാധയേറ്റ് നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ  ജില്ലയിലെ  നെൽകർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായ സഹകരണങ്ങളും ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. വെള്ളാനിക്കര സെൻട്രൽ ഓഡിറ്റോറിയത്തിൽ കേരള കാർഷിക സർവകലാശാല ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക പ്രതിസന്ധി നേരിടുമ്പോൾ  കർഷകന് താങ്ങായും തണലായും നിൽക്കുക എന്നതാണ് വകുപ്പ് മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം. ഇത്തരം സാഹചര്യത്തിൽ കർഷകന്റെ അടുത്ത് നേരിട്ടെത്തി അവർക്ക് മാനസികമായ പിൻബലവും സംരക്ഷണവും നൽകും. കാർഷിക കേരളം അത് ആഗ്രഹിക്കുന്നുണ്ടെന്നും കർഷകർ അത് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കർഷകന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ പരിപ്പൂർണ അങ്കുരണ ശേഷിയുള്ള വിത്തുകൾ നൽകാൻ സർവകലാശാലയ്ക്ക് കഴിയണമെന്നും പച്ചക്കറിക്കും മറ്റും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ നയിക്കാൻ കാർഷിക സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും പരിശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

2020 അധ്യയന വർഷത്തിൽ വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയ 796 പേരാണ് ബിരുദം സ്വീകരിച്ചത്. യു ജി കോഴ്സുകൾ പൂർത്തിയാക്കിയ 426 വിദ്യാർത്ഥികൾ, പി ജി യിൽ 264, ഗവേഷണ ബിരുദത്തിൽ 31, ഡിപ്ലോമയിൽ 74 പേരുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഇവരിൽ 30 പേർ മന്ത്രിയിൽ നിന്ന് നേരിട്ടും മറ്റുള്ളവർ ഓൺലൈനായും ബിരുദം നേടി. ബിരുദ ബിരുദാനന്തര തലത്തിൽ റാങ്ക് നേടിയവർക്കുള്ള മെഡലുകളും ഐ സി എ ആർ നിർദ്ദേശമനുസരിച്ച് ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ അവാർഡും വേദിയിൽ സമ്മാനിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച സ്പെഷ്യലൈസ്ഡ് സർവകലാശാലക്കുള്ള ചാൻസലേഴ്‌സ് അവാർഡ് ലഭിച്ച കാർഷിക സർവകലാശാലക്കുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു. 

റവന്യൂ മന്ത്രിയും സർവകലാശാല ഭരണസമിതി  അംഗവുമായ കെ രാജൻ അധ്യക്ഷത വഹിച്ചു. ഐ സി എ ആർ ഡയറക്ടർ ജനറൽ ത്രിലോചൻ മൊഹാപത്ര മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ.ആർ ചന്ദ്രബാബു, രജിസ്ട്രാർ ഡോ.സക്കിർ ഹുസൈൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജനറൽ കൗൺസിൽ അംഗങ്ങൾ, ഫാക്കൽട്ടി മെമ്പർമാർ, ഡീനുമാർ, സർവകലാശാല ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →