കേരള ബാങ്ക് പ്രഥമ പൊതുയോഗം ചേർന്നു

കേരള ബാങ്കിന്റെ പ്രഥമ വാർഷിക പൊതുയോഗം ഓൺലൈനായി നടന്നു. പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 13 ജില്ലാ കേന്ദ്രങ്ങളിൽനിന്ന് പ്രതിനിധികൾ പങ്കെടുത്തു. ബാങ്കിൽ കാലോചിതമായ മാറ്റം വരണമെന്ന ലക്ഷ്യത്തോടെ സമഗ്ര ഐടി സംയോജന പദ്ധതിക്കു രൂപം നൽകിയിട്ടുണ്ടെന്നും ഇതിൽ ബാങ്കിന്റെ ശാഖകൾക്കു പുറമേ പ്രാഥമിക സഹകരണ ബാങ്കുകളെയും 51 അർബൻ സഹകരണ ബാങ്കുകളയും സംയോജിപ്പിക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2019 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെയും 2020 ഏപ്രിൽ ഒന്നു മുതൽ 2021 മാർച്ച് 31 വരെയുമുള്ള പ്രവർത്തന റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടുകളും 2021-22, 2022-23 വർഷത്തെ ബഡ്ജറ്റും യോഗം ഐകകണ്ഠ്യേന പാസാക്കി. മലപ്പുറം ജില്ലാ സഹകരണ ബാങ്കും വൈകാതെ കേരള ബാങ്കിന്റെ ഭാഗമാകുമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു.

രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടേയും 11 സേനാ ഉദ്യോഗസ്ഥരുടേയും വേർപാടിലും പൊതുയോഗ കാലയളവിൽ സംസ്ഥാനത്തു മരണമടഞ്ഞ സഹകാരികളുടേയും സഹകരണ ജീവനക്കാരുടേയും വിയോഗത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.

ബാങ്ക്, ബാങ്കർ, ബാങ്കിങ് തുടങ്ങിയ പദാവലികളും പ്രവർത്തനങ്ങളും പ്രാഥമിക സഹകരണ സംഘങ്ങൾക്കു പാടില്ലെന്ന നിർദേശത്തിനെതിരായ പ്രമേയം യോഗം അംഗീകരിച്ചു. ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, ബാങ്ക് ഡയറക്ടർ എസ്. ഹരിശങ്കർ, സി.ഇ.ഒ പി.എസ്. രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →