അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർകഥയാവുന്നു: അട്ടപ്പാടിയിലെ ഗർഭിണികൾക്ക് പ്രത്യേകപദ്ധതി, നവജാതശിശുക്കൾക്ക് ഐസിയു എന്നിവ വാ​ഗ്ദാനം ചെയ്ത് ആരോ​ഗ്യമന്ത്രി വീണാ ജോർജ്.

പാലക്കാട്: ശിശുമരണങ്ങൾ വിവാദമായതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോ‌ർജ്ജ് അട്ടപ്പാടിയിലെത്തി. ഫീൽഡുതല പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനാണ് മന്ത്രി എത്തിയത്. വിവിധ ആശുപത്രികളും ഊരുകളും സന്ദർശിച്ചതിന് പിന്നാലെ അട്ടപാടിയിലെ വിവിധ പ്രദേശങ്ങളിലെ അങ്കണവാടി പ്രവർത്തകരുടെ യോഗവും മന്ത്രി വിളിച്ചു കൂട്ടി. 30 ഓളം അങ്കണവാടി പ്രവർത്തകർ, സിഡിപിഒമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വെള്ളാമലി ഊരിലെ അറുപത്തി നാലാം നമ്പർ അങ്കണവാടിയിലാണ് യോഗം നടന്നത്. ഒരു മണിക്കൂറോളം മീറ്റിംഗ് നീണ്ടു. കസേരകൾ കുറവായതിനാൽ അങ്കണവാടി പ്രവർത്തകർക്കൊപ്പം തറയിലിരുന്നാണ് മന്ത്രി യോഗത്തിൽ പങ്കെടുത്തത്. ഒപ്പം ഇരുന്ന് പ്രശ്‌നങ്ങൾ കേട്ടപ്പോൾ ഒരു ഔദ്യോഗിക യോഗമായി തോന്നിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആദിവാസികൾക്ക് അട്ടപ്പാടിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്നാണ് ആരോഗ്യ മന്ത്രി രാവിലെ പറഞ്ഞത്. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ നവജാത ശിശു ഐസിയു ഉടൻ തുടങ്ങുമെന്നും ആശുപത്രിയെ കുറിച്ച് ലഭിച്ച പരാതികളിൽ നടപടി എടുക്കുമെന്നുമാണ് മന്ത്രിയുടെ ഉറപ്പ്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വാർഡിനായി 32 ലക്ഷം രൂപ ചെലവാക്കി വാങ്ങിയ ഉപകരണങ്ങൾ ആശുപത്രിയിൽ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളും മന്ത്രിയുടെ സന്ദർശന ദിവസമാണ് പുറത്തുവന്നത്. അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈറിസ്ക് ക്യാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് സ്ഥിതി പരിശോധിക്കാൻ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്.

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചശേഷമാണ് മന്ത്രി ചുരം കയറിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ 32 ലക്ഷം മുടക്കി ഫർണീച്ചർ ഉൾപ്പടെ വാങ്ങിയെങ്കിലും ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ആശുത്രിക്ക് ബാധ്യതയായി ആംബുലൻസുകൾ കട്ടപ്പുറത്തും. ഓടുന്നവയിൽ മതിയായ ജീവൻ രക്ഷാ സംവിധാനവുമില്ല.

അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനം പേരും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് സർക്കാരിന്‍റെ തന്നെ റിപ്പോർട്ട്. നാലിലൊന്ന് ഗർഭിണികളും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. നവജാത ശിശു മരണം തുടർക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്‍റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസിപ്പോകാൻ ഉള്ള സാധ്യത, ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഗർഭിണികളെ ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്. ആകെയുള്ള 426 ഗർഭിണികളിൽ 245 പേരാണ് ഹൈറിസ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതൽ ഗുരുതരം.

191 ആദിവാസി ഗർഭിണികൾ ഹൈറിസ്ക്കിലാണുള്ളത്. അരിവാൾ രോഗികളായ 17 ഗർഭിണികൾ അട്ടപ്പാടിയിലുണ്ട്. ആദിവാസി ഗർഭിണികളിൽ 90 പേർക്ക് തൂക്കകുറവുണ്ട്. സർക്കാർ രേഖകളിൽ രജിസ്റ്റർ ചെയ്ത വരുടെ മാത്രം കണക്കാണിത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →