തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും പരസ്യവിചാരണക്കിരയാക്കിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
പൊലീസുകാരി ഒരു സ്ത്രീയല്ലെന്നും എന്തിനാണ് ഇങ്ങനൊരു പിങ്ക് പൊലീസെന്നും കോടതി ചോദിച്ചു. ‘കുട്ടിയുടെ കരച്ചില്‍ വേദന ഉണ്ടാക്കുന്നു. മൊബൈല്‍ ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് നല്‍കിയില്ല. ഇങ്ങനെയാണോ പെരുമാറേണ്ടത്,’ കോടതി പറഞ്ഞു. സംഭവത്തില്‍ ഡി.ജി.പിയോട് കോടതി നേരിട്ട് റിപ്പോര്‍ട്ട് തേടി.
കാക്കിയിട്ടത് കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നാട്ടുകാരുടെ കൈയില്‍ നിന്ന് അടി കിട്ടാതിരുന്നതും കുട്ടിക്ക് ജീവനുള്ള കാലം പൊലീസിനോടുള്ള പേടി മാറുമോയെന്നും കോടതി ചോദിച്ചു.
ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ.
എന്നാല്‍, ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും ഇവര്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നില്ല. സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കേണ്ടി വന്നിരുന്നു.
അതേസമയം ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഉദ്യോസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.