ന്യൂഡൽഹി: എളമരം കരീം, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെ പന്ത്രണ്ട് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വര്‍ഷകാല സമ്മേളനത്തിനിടെ പെഗാസസ് വിഷയത്തിൽ പ്രതിഷേധിച്ചതിനാണ് നടപടി.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വർമ്മ, റിപുൻ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി എന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് പത്തുപേര്‍.
ജനങ്ങളുടെ പിന്തുണ സമാഹരിച്ച് മുന്നോട്ട് പോകുമെന്നും ഇത് കൊണ്ടൊന്നും മുട്ടു കുത്താൻ പോകുന്നില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കീഴ്‌വഴക്കങ്ങൾ ലംഘിച്ചാണ് നടപടിയെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും എളമരം കരീം പറഞ്ഞു.