ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡഫോണ്‍ ഐഡിയ (വിഐ) കുറച്ച് ദിവസം മുമ്പാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെ വിഐയുടെ പ്ലാനുകളില്‍ ഏറ്റവും വലിയ ആകര്‍ഷണമായിരുന്ന ഡബിള്‍ ഡാറ്റ ഓഫര്‍ കൂടി നിര്‍ത്തലാക്കുകയാണ് കമ്പനി. ചില പ്ലാനുകള്‍ക്കൊപ്പം ഇരട്ടി ഡാറ്റ നല്‍കുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരുന്നത്. ഈ പ്ലാനിലൂടെ ദിവസവും രണ്ട് ജിബി ഡാറ്റ ആനുകൂല്യമാണ് ഉള്ളത്. ഇതിനൊപ്പം അധികമായി രണ്ട് ജിബി ഡാറ്റ കൂടി നല്‍കുന്നതായിരുന്ന വിഐയുടെ ഡബിള്‍ ഡാറ്റ ഓഫര്‍.ദിവസവും 4 ജിബി ഡാറ്റ നല്‍കുന്ന പ്ലാനുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയ വിഐ മറ്റ് ടെലിക്കോം കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു ഉയര്‍ത്തിയത്. കൂടുതല്‍ ഡാറ്റ ആവശ്യമുള്ള ആളുകള്‍ വലിയ തോതില്‍ തിരഞ്ഞെടുത്തിരുന്ന പ്ലാന്‍ ആയിരുന്നു ഇത്. ഈ പ്ലാനുകള്‍ അണ്‍ലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകള്‍, ഒടിടി ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കിയിരുന്നു. 299 രൂപ, 449 രൂപ, 699 രൂപ എന്നീ പ്ലാനുകളിലാണ് ഡബിള്‍ ഡാറ്റ ആനുകൂല്യം നല്‍കിയിരുന്നത്. ഈ പ്ലാനുകള്‍ക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഡബിള്‍ ഡാറ്റ ആനുകൂല്യവും നീക്കം ചെയ്തത്.ഇനി മുതല്‍ 299 രൂപ, 449 രൂപ, 699 രൂപ പ്ലാനുകളിലൂടെ ഉപയോക്താക്കള്‍ക്ക് ദിവസവും 4 ജിബി ഡാറ്റയ്ക്ക് പകരം 2 ജിബി ഡാറ്റ മാത്രമേ ലഭിക്കൂ. കേരളം അടക്കമുള്ള സര്‍ക്കിളുകളിലെ വെബ്സൈറ്റുകളില്‍ നിന്നും ഡാറ്റ ആനുകൂല്യം എടുത്ത് മാറ്റിയിട്ടുണ്ട്.
ഡബിള്‍ ഡാറ്റ ഓഫര്‍ നിര്‍ത്തലാക്കി വോഡഫോണ്‍ ഐഡിയ
