ന്യൂഡൽഹി: സിഖ് സമൂഹത്തിനെതിരായ ‘ഖലിസ്ഥാനി ഭീകരവാദ’ പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്തിന് സമൻസ്. ഡൽഹി നിയമസഭയ്ക്കു കീഴിലുള്ള പീസ് ആൻഡ് ഹാർമണി കമ്മിറ്റിയാണ് സമൻസ് അയച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് മുൻപാകെ ഡിസംബർ ആറിനുമുൻപായി ഹാജരാകാനാണ് നിർദേശം.
കഴിഞ്ഞ ശനിയാഴ്ച കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിന്റെ പേരിലാണ് നടപടി. കുറിപ്പിൽ സിഖ് സമൂഹത്തെ ഖലിസ്ഥാനി ഭീകരരെന്ന് അധിക്ഷേപിക്കുന്നുണ്ടെന്ന് സമൻസിൽ പറയുന്നു. ഇത് രാജ്യത്തെ സൗഹാർദം തകർക്കുന്നതാണെന്നതിനു പുറമെ സിഖ് സമൂഹത്തിനു മുറിവേൽപ്പിക്കുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

