ഇടുക്കി: പട്ടിക വര്‍ഗ്ഗ മേഖലയിലെ പരമ്പരാഗത തൊഴില്‍ സംരക്ഷണത്തിന് പദ്ധതി

ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ, സംസ്ഥാന പട്ടിക വര്‍ഗ്ഗ  വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടിക വര്‍ഗ്ഗ മേഖലയിലെ പരമ്പരാഗത തൊഴില്‍ സംരക്ഷണത്തിന് പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ നിര്‍വ്വഹണ ചുമതല കേരള സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിനാണ് (സി.എം,ഡി). മറയൂര്‍ ശര്‍ക്കര നിര്‍മ്മാണം, മുളയും ചൂരലും ഉപയോഗിച്ചുള്ള കരകൗശല  വസ്തുക്കളുടെ നിര്‍മ്മാണം, പായ, പരമ്പുകള്‍,   കാര്‍പ്പെറ്റുകള്‍,  മണ്‍പാത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, വനങ്ങളില്‍ നിന്നുള്ള തേന്‍ ശേഖരണം, ഔഷധച്ചെടികളുടെയും, മറ്റ് വന വിഭവങ്ങളുടെയും  ശേഖരണം   തുടങ്ങിയ മേഖലകളാണ്  പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതിയുടെ നടത്തിപ്പ്. വിവിധ മേഖലകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ സൂഷ്മ  വിലയിരുത്തലാണ് ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍  ഗുണഭോക്താക്കളുമായി വിശദമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിനെ തുടര്‍ന്ന് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍.  ആവശ്യമായ  മേഖലകളില്‍  തൊഴില്‍  പരിശീലനങ്ങള്‍, തൊഴിലുപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സഹായങ്ങള്‍, ലൈസന്‍സുകളും  അംഗീകാരങ്ങളും  നേടിയെടുക്കുന്നതിനുള്ള  സഹായങ്ങള്‍  എന്നിവ  പദ്ധതിയുടെ  ഭാഗമാണ്.

പരമ്പരാഗത ഉല്‍പ്പന്നങ്ങളെ കാലാനുസൃതമായി  വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനും നവീകരിക്കുന്നതിനും, ശാസ്ത്രീയ സംസ്‌ക്കരണ രീതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. ഉല്‍പ്പന്നങ്ങള്‍ക്ക് തുടര്‍ച്ചയായ വിപണി കണ്ടെത്തുന്നതിനും, ന്യായ  വില  ഉറപ്പുവരുത്തുന്നതിനുമായി നിലവിലുള്ള വിപണന ശൃംഖലകളെ ആശ്രയിക്കുന്നതോടൊപ്പം, ഓണ്‍ലൈന്‍ – ഡിജിറ്റല്‍ വിപണന  സംവിധാനങ്ങളും സജ്ജീകരിക്കും. തൊഴില്‍  മേഖലകളുടെ അടിസ്ഥാനത്തില്‍ സൊസൈറ്റികള്‍ രൂപീകരിച്ചാവും പദ്ധതി പ്രവര്‍ത്തനങ്ങള്‍   സംഘടിപ്പിക്കുക. പദ്ധതിയുടെ  ഭാഗമായി പൈനാവ്  ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഉപദേശക ശില്പശാല സംഘടിപ്പിച്ചു. ഐ. റ്റി. ഡി. പി. പ്രോജക്ട് ഓഫീസര്‍ കെ. എസ്. ശ്രീരേഖയുടെ അദ്ധ്യക്ഷതയില്‍  ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്  ജിജി.  കെ. ഫിലിപ്പ്  ശില്പശാല ഉദ്ഘാടനം  ചെയ്തു. സെന്റര്‍  ഫോര്‍  മാനേജ്‌മെന്റ്  അസോസിയേറ്റ്  പ്രൊഫസര്‍  പി.ജി. അനില്‍, പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി. രാജേന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗ്ഗീസ്,  എന്നിവര്‍  ആശംസകള്‍ അറിയിച്ചു.  രാജേഷ്  ബി സ്വാഗതവും റ്റിജോ തോമസ് നന്ദിയും പറഞ്ഞു.
വിവിധ തൊഴില്‍ മേഖലകളില്‍നിന്ന് പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെ പ്രതിനിധികള്‍,  വ്യവസായം, ഖാദി  ബോര്‍ഡ്, ഡിറ്റി.പി.സി,  ബാംബൂ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്, ട്രൈബല്‍  എക്സ്റ്റന്‍ഷന്‍  ഓഫീസര്‍മാര്‍ തുടങ്ങിയവര്‍  ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →