മോദി പറഞ്ഞത് പൂര്‍ണമായും വിശ്വസിക്കാനാവില്ല, പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായും
വിശ്വാസത്തിലെടുക്കില്ലെന്ന് കര്‍ഷകര്‍.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. മിനിമം താങ്ങുവില നിയമവിധേയമാക്കുന്നതുള്‍പ്പെടെയുള്ള ഒന്നിലധികം പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുണ്ട്.

കര്‍മ്മം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ഞങ്ങള്‍ മടങ്ങിവരൂ. നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പാര്‍ലമെന്റ് പാസാക്കണം. അതുവരെ ഇത്തരം പ്രഖ്യാപനങ്ങള്‍ ഒന്നും തങ്ങള്‍ വിശ്വസിക്കില്ല, അദ്ദേഹം പറഞ്ഞു.

വിഷയം ചര്‍ച്ച ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനുമായി സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേരുമെന്നും അതിനനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും രാകേഷ് ടിക്കായത് പറഞ്ഞു.

പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി 800ലധികം കര്‍ഷകര്‍ ജീവത്യാഗം ചെയ്തിട്ടുണ്ട്. ഏത് തീരുമാനം എടുക്കുമ്പോഴും അവരുടെ ത്യാഗത്തെ മാനിക്കണമെന്നും നിലവില്‍ സിംഘുവില്‍ ആഘോഷമൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം.

അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →