ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പ്രീ ക്വാര്‍ട്ടറില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് ലോക രണ്ടാം നമ്പര്‍ താരം വിക്ടര്‍ അക്സല്‍സെനെ അട്ടിമറിച്ചു. പ്രണോയ് വിക്ടറിനെതിരെ ആറ് മത്സരങ്ങള്‍ കളിച്ചതില്‍ ആദ്യത്തെ ജയമാണു സ്വന്തമാക്കിയത്. സ്‌കോര്‍: 14-21, 21-19, 21-16.ഒന്നാം ഗെയിം കൈവിട്ടുവെങ്കിലും അടുത്ത രണ്ട് ഗെയിമിലും ശക്തമായ തിരിച്ചുവരവാണ് പ്രണോയ് ഇന്ന് പുറത്തെടുത്തത്. ടോക്കിയോ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് അക്സല്‍സെന്‍. ക്വാര്‍ട്ടറില്‍ പ്രണോയിക്ക് ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്താണ് എതിരാളി. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും ക്വാര്‍ട്ടര്‍ ഉറപ്പാക്കി. നിലവിലെ ചാമ്പ്യനായ സിന്ധു സ്പെയിന്റെ ക്ളാര അസുര്‍മെന്‍ഡിയെയാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 17-21, 21-7, 21-12. അസുര്‍മെന്‍ഡിയെ ആദ്യമായി നേരിടുന്ന സിന്ധു ഒന്നാം ഗെയിം കൈവിട്ട ശേഷമാണു ജയിച്ചു കയറിയത്. മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്ത് ഇന്തോനീഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ 21-13, 21-18, 21-്15 എന്ന സ്‌കോറിനു തോല്‍പ്പിച്ചു.