കാസർകോട്: കുടുംബശ്രീ ജില്ലാമിഷന്റെയും ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെയും ആഭിമുഖ്യത്തില്‍ ബെള്ളൂര്‍ നേട്ടനിഗേയില്‍ നടന്ന ‘ബ്ലീറ്റ് 2021’ മലബാറി ഫെസ്റ്റ് ആടുചന്തയുടെ രണ്ടാം ഘട്ടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘടനം ചെയ്തു. ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ ടി. ടി സുരേന്ദ്രന്‍ അധ്യക്ഷനായി. ആടുകളുടെ വിതരണോദ്ഘാടനം കുടുംബശ്രീ അംഗമായ കമലയ്ക്കു ആടിനെ നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ നിര്‍വ്വഹിച്ചു. ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധര ആടുഗ്രാമം പദ്ധതി ഉദ്ഘടനം ചെയ്തു. ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗീത, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ചന്ദ്രഹാസ റൈ, ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രവിപ്രസാദ്, വാര്‍ഡ് മെമ്പര്‍മാരായ വീരേന്ദ്ര കുമാര്‍, ബി.എന്‍ ഗീത, ബേബി, ഭാഗ്യരതി, ശ്രീപതി കടമ്പളിതായ, ദുര്‍ഗാദേവി, കുടുംബശ്രീ എ.ഡി.എം.സിമാരായ ഹരിദാസ്, സി.എച്ച് ഇക്ബാല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നവാസ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ മാലിനി സ്വാഗതവും മെബര്‍ സെക്രട്ടറി അനീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
ആട് ചന്തയില്‍ എട്ട് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെ 69 ആടുകളാണ് വില്‍പ്പനക്കായി എത്തിച്ചത്. മലബാറി, ബീറ്റല്‍, ജെമുന പ്യാരി, മലബാറി ക്രോസ് എന്നിവ ചന്തയുടെ മുഖ്യ ആകര്‍ഷണങ്ങളായി. കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക സി ഡി എസില്‍ നടപ്പിലാക്കുന്ന അടുഗ്രാമം പദ്ധതിയിലേക്കായി 25 ആടുകളെ നേരിട്ട് വിറ്റഴിച്ചു. 2,48,000 രൂപയുടെ അധിക വരുമാനം കണ്ടെത്താന്‍ ബ്ലീറ്റ് 2021 മലബാറി ഫെസ്റ്റ് ആട് ചന്തയില്‍ പങ്കെടുത്ത കുടുംബശ്രീ ജെ.ല്‍.ജി അംഗങ്ങള്‍ക്കായി.
ഇടനിലക്കാരെ ഒഴിവാക്കി ആട് വളര്‍ത്തലിലൂടെ ഉപജീവനം നടത്തുന്ന വനിതാ കര്‍ഷകര്‍ക്ക് അവരുടെ ആടുകളെ വില്‍ക്കാനും കുടുംബശ്രീയുടെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ആടുകളെ വാങ്ങിക്കുവാനും തയ്യാറാക്കിയ വിപുലമായ അവസരമാണ് ബ്ലീറ്റ് 2021. ആടുഗ്രാമം പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ആടുകളെയാണ് വില്‍പനയ്ക്കായി എത്തിച്ചത്. മലബാറി, സങ്കരയിനം ആടുകളുടെ വിപണനം അടുത്ത മാസങ്ങളിലും നടത്തി ആട് കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കൂടുതല്‍ ആടുകളുടെ വിപണനം സാധ്യമാകുമെന്നും ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ പറഞ്ഞു.

