തിരുവനന്തപുരം: ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനെ കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വർധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണ് ഉണ്ടായിരിക്കുന്നത്.
നവംബർ മാസം മുതൽ പുതുക്കിയ വിലയാണ് കമ്പനികൾ ഈടാക്കുന്നത്. മണ്ണെണ്ണയ്ക്ക് പുതിയ വിലയാണ് റേഷൻ വ്യാപാരികളിൽ നിന്ന് എണ്ണ കമ്പനികൾ ഈടാക്കുന്നത്. മുൻഗണനാ മുൻഗണനേതര അങ്ങനെ എല്ലാ വിഭാഗക്കാർക്കും പുതിയ വിലയാണ് നൽകേണ്ടി വരുക.
45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാന വില. ഇതിനൊപ്പം ഡീലർ കമ്മീഷൻ ട്രാൻസ്പോർട്ടേഷൻ നിരക്ക്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോൾസെയിൽ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് എത്തുമ്പോൾ 55 രൂപയാകും.

