അന്തിമാനം ചായം തേച്ച ഒരു പകലറുതിയിലാണ് ഞങ്ങൾ ആ തീരത്തെത്തിയത്.ഗുരുവമ്മയ്ക്ക് നൂറ്റി രണ്ടു വയസ്സായി.ആ മുക്കുവ ഗ്രാമത്തിൽ നൂറ്റാണ്ടിനെ മറികടന്ന ഏക മുത്തശ്ശി !
തുളുവാണ് സംസാരഭാഷ. മലയാളം കേട്ടാൽ മനസ്സിലാകും.കൃഷ്ണ സാലിയന്റെയും സദാനന്ദ സാലിയന്റെയും അമ്മയായ ഗുരുവമ്മയ്ക്ക് ആറു മക്കൾ വേറെയുമുണ്ട്.
മക്കളും ഭാര്യമാരും ചെറുമക്കളും. എല്ലാവരും ഒന്നിച്ചു താമസിക്കുന്ന ആ ചെറിയ വീട് മൂസോടി കടപ്പുറം ശാരദാ നഗറിലാണ്.കേരളത്തിന്റെ വടക്കേ അതിർത്തിയിലുള്ള മത്സ്യ ഗ്രാമം.
മക്കളെല്ലാം മത്സ്യത്തൊഴിലാളികൾ. പെരുങ്കടലിലെ തുഴവള്ളക്കാർ.
പതിമൂന്നാം വയസ്സിലാണ് മീൻ പണി തുടങ്ങിയത്. എഴുപത്തിരണ്ടു വയസ്സുവരെ അങ്ങു ദൂരെ കിഴക്കുള്ള ബേള വരെ കിലോമീറ്ററുകൾ നടന്നു പോയി വീടുകൾ തോറും മത്സ്യവില്പന നടത്തിയിരുന്ന മീൻകാരിയായിരുന്നു ഗുരുവമ്മ.
മീൻ കൊടുത്ത് നെല്ലും അരിയും ചക്കയും വെള്ളരിക്കയും വാങ്ങുന്ന ബാർട്ടർ സമ്പ്രദായത്തിൽ തുടങ്ങി കാശു വാങ്ങുന്ന കാലം വരെ ഈ പണി ചെയ്തു.
ഇപ്പോൾ നടക്കാൻ വയ്യാണ്ടായെങ്കിലും മീൻ മണമുള്ള ആ പഴയ കാലം ഗുരുവമ്മയുടെ ഓർമ്മയിൽ പച്ച പിടിച്ചങ്ങനെ നിൽപ്പുണ്ട് !
സായിപ്പിനും മദാമ്മയ്ക്കും എഴുന്നള്ളാനുള്ള റോഡിനും സൈക്കിൾപാത്തിനും താമസിക്കാനുള്ള റിസോർട്ടിനും വേണ്ടി ഗുരുവമ്മയും അവരെപ്പോലുള്ള എത്രയോ കുടുംബങ്ങളും ഈ തീരം വിട്ടൊഴിയണമെന്ന സർക്കാർ തീട്ടൂരം കായംകുളം വാളായി തലയ്ക്കു മീതേ തൂങ്ങിൽക്കുന്നു !

പിറന്ന മണ്ണും കുടിയും വിട്ട് സർക്കാർ നിർദ്ദേശിക്കുന്ന എങ്ങോട്ടെങ്കിലും പോകാൻ തങ്ങൾ ഒരുക്കമല്ലെന്ന് ഗുരുവമ്മയും കൃഷ്ണനും സദാനന്ദയും മക്കളും ചെറുമക്കളും ഒറ്റ സ്വരത്തിൽ പറഞ്ഞു.
അവരുടെ നിശ്ചയദാർഢ്യത്തെ ജ്വലിപ്പിക്കാനും തീരദേശത്തിന്റെ അധികാരം തീരജനതയ്ക്കെന്ന മുദ്രാവാക്യമുയർത്തിയ ജനകീയ സമരത്തിൽ കടലോരവാസികളെ അണിനിരത്താനുമാണ് ഞങ്ങളിവിടെ എത്തിയത്.
തീരശോഷണത്തിനിടയാക്കുന്ന സർക്കാരിന്റെ കോർപ്പറേറ്റ് അധിനിവേശ നയത്തിനെതിരെ തീര ജനതയുടെ സമരവീര്യം ഉയർത്തിപ്പിടിക്കണമെന്ന ആഹ്വാനവുമായി മാഗ്ലിൻ ഫിലോമിനയ്ക്കും സിന്ദൂരയ്ക്കും പ്രകാശനും ശിവ് ലാലിനും സമർ അമനുമൊപ്പം കഴിഞ്ഞ ദിവസം മൂസോടി കടപ്പുറത്ത് എത്തിയത് ജീവിതത്തിലെ വിലമതിക്കാനാകാത്ത അനുഭവമാണ്.

കഴിഞ്ഞ കടലേറ്റത്തിൽ ഈ തീരത്തെ അനേകം വീടുകൾ കടൽ കൊണ്ടുപോയി.
വീടും കുടിയും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരമോ മറ്റു സഹായങ്ങളോ നൽകാൻ ഇതുവരെയായിട്ടും അധികാരികൾ തയ്യാറായിട്ടില്ല.
വാസസ്ഥലം നഷ്ടപ്പെട്ടവർ ബന്ധുവീടുകളിലോ വാടക വീടുകളിലോ കഴിയുമ്പോൾ, അവരെ തിരിഞ്ഞു നോക്കാത്ത അധികാരികൾ എന്തൊരു ക്രൂരതയാണ് കാണിക്കുന്നത്!
“അലാക്കിന്റെ പുലിമുട്ട് ബന്നേപ്പിന്നായാന്ന് ഈ കടലിങ്ങനെ കേറ്ന്നത്.
എത്ര വീടാന്ന് കൊണ്ടോയത്.” കെട്ടിയുയർത്തിയ പുലിമുട്ടുകളും ഇനിയും പണിയുന്നതിനിറക്കിയ കൂറ്റൻ കരിങ്കല്ലുകളും ചൂണ്ടി ഹമീദ്ക്ക രോഷം കൊണ്ടു വിറച്ചു.
ഒരിക്കൽ ഖലീലിന്റെ വീട് മൂസോടി കടപ്പുറം മലബാർ നഗറിലായിരുന്നു.
ഒരു ഞൊടിയിടയ്ക്കുള്ളിൽ കടലേറ്റത്തിൽ ചീട്ടുകൊട്ടാരം പോലെ ആ വീട് തകർന്നടിഞ്ഞു. ജീവൻ കിട്ടിയത് അവർ ഭാഗ്യമായി കരുതുന്നു.
ഇന്നിപ്പോൾ വീടുനിന്നേടത്ത് കല്ലും കട്ടയും പൊടിക്കൂമ്പാരവും മാത്രം !ഓർമ്മത്തെറ്റുപോലെ ഏകാന്തമായി ഉയർന്നു നിൽക്കുന്ന കിണർ !
കടൽക്ഷോഭം ഖലീലിന്റെ കുടുംബത്തെ തകർത്തെറിഞ്ഞു. പ്രായമായ ഉപ്പയും ഉമ്മയും പെങ്ങളും അല്പമകലെയുള്ള ഒരു തങ്ങളുടെ വീട്ടിലാണുള്ളത്.രണ്ടു ജ്യേഷ്ഠന്മാരും അവരുടെ ഭാര്യമാരും കുട്ടികളും വാടക വീടുകളിൽ കഴിയുകയാണ്.
ഖലീൽ തകർന്ന വീടിനു സമീപമുള്ള മറ്റൊരു വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് അലമുറയിടുന്ന കടലിലേക്കു നോക്കി ഗദ്ഗത കണ്ഠനായി.
കടലേറ്റത്തിൽ തകർന്ന വീടുകളും, തീരത്ത് ഏകാന്തമായി ഉയർന്നു നിൽക്കുന്ന കിണറുകളും കുഞ്ഞു മക്കളുടെ കളിപ്പാട്ടങ്ങളും ചെരിപ്പുകളും നിലവിളിക്കുന്ന ആ യുദ്ധക്കളത്തിലൂടെ ഞങ്ങൾ നടന്നു.
ടൂറിസം റിസോർട്ടുകൾ സ്ഥാപിക്കാൻ അമ്പതോളം വീടുകളിലുള്ള മനുഷ്യരെ തുച്ഛമായ പണം നൽകി കുടിയിറക്കി വിട്ടത് ഇവിടെയാണ്. കാറ്റിലും മഴയിലും തകർന്ന വീടുകൾ പ്രേത ഭവനങ്ങളായി തീരത്ത് നിരനിരയായി നിൽക്കുന്നത് കണ്ടു.
കോടികൾ പൊടിച്ച് പടുത്തുയർത്തിയ മഞ്ചേശ്വരം ഫിഷിങ്ങ് ഹാർബർ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനപ്പെടാതെ അങ്ങനെ….! ഉപ്പളപ്പുഴ കടലിൽ ചേരുന്ന മൂസോടി അതീക്ക അഴിമുഖത്ത് ഹാർബർ നിൽക്കുന്നത് ദൂരെ നിന്നു തന്നെ കാണാം.
വോട്ടുകളെല്ലാം പെട്ടിയിലാക്കാൻ ഹാർബറിൻ്റെ ഉദ്ഘാടനം കെങ്കേമമാക്കി !
വമ്പൻ മീനുകളുടെ ശില്പങ്ങൾ സ്വാഗതം ചെയ്യുന്ന ആ രാവണൻ കോട്ടയിലേക്ക് കയറിയപ്പോൾ അനവധി ബോട്ടുകൾ കെട്ടിയ ജട്ടി കണ്ടു. ബോട്ടുകളിൽ കെട്ടിയ കൊടികൾ കടൽക്കാറ്റിൽ മർമ്മരമുതിർത്തു.
കൊട്ടിഘോഷിച്ച ‘വികസനം ‘ ( ! ) പരിഹാസ്യരാക്കിയ മീൻ പിടിത്തക്കാർ അവിടെയുണ്ടായിരുന്നു.
കറൻ്റുണ്ടായിട്ടും വിളക്കുതെളിക്കാത്ത അധികാരികളോടുള്ള ദേഷ്യം പതഞ്ഞുപൊങ്ങി.മീനുകൾ നിറയേണ്ട സ്ഥലത്ത് കന്നുകാലികളുടെ ചാണകം നിറയുന്ന ദുരവസ്ഥ ! അവർ രോഷാകുലരായി സംസാരിച്ചു.
അവധി ദിനങ്ങളിൽ കാറ്റു കൊള്ളാനും അസ്തമയം ആസ്വദിക്കാനും ഇവിടെ ധാരാളമാളുകൾ വരും.
” ഞാങ്ങക്ക് ഇതോണ്ട് ഒരു കൊണോല്ലപ്പാ. ഞാങ്ങളെ ബെശമം ആരോട് പറേണ്ട്?എന്ത്ന്ന് ചെയ്യേണ്ട്പ്പാ ഞാങ്ങാ….. “? കടലിന്റെ മക്കൾ അവരുടെ ഒടുങ്ങാത്ത അമർഷം പ്രകടിപ്പിച്ചപ്പോൾ മൂസോടിക്കടൽ ഗർജ്ജിച്ചു.
മൂസോടിയിലെ മുത്തശ്ശിയും കടലിന്റെ മക്കളും ഉറക്കെപ്പറഞ്ഞു: “ഞങ്ങളീ തീരം വിട്ട് എങ്ങോട്ടുമില്ല.”
ബീഡി ഇസ്മായിലും ഫാറൂക്കും ഖലീലും ബൈക്ക് ഇസ്മായിലും….. കടലിന്റെ മക്കളുടെ പടയേറ്റത്തിലെ പോരാളികളാകാൻ അവർ ഒരുങ്ങിക്കഴിഞ്ഞു.
മീൻമണമുള്ള മനുഷ്യർ കടൽക്കോടതിയിൽ അധികാരികളെ വിസ്തരിക്കും. തലസ്ഥാനം അതിനു സാക്ഷിയാകാൻ ഇനി നാളുകളേറെയില്ല.
ലേഖകൻ അധ്യാപകനും പരിസ്ഥിതി പൗരാവകാശ പ്രവർത്തകനുമാണ്. ഫോൺ:9446928560

