ന്യൂഡൽഹി: ലോക് അദാലത്തിൻറെ നിയമപരിധി സംബന്ധിച്ച് നിർണായകമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. ലോക് അദാലത്തിൽ പരിഹരിക്കാനായി എത്തിച്ചേരുന്ന കേസുകളിലെ കക്ഷികൾക്ക് കേസ് രാജി ആക്കുവാൻ സാധാരണയിലൂടെ തീരുമാനം എടുക്കാൻ കഴിയാതെ വരികയോ അനുരഞ്ജനത്തിനാകാൻ കഴിയാതെ വരികയോ ചെയ്താൽ ആ കേസിന്റെ ഉള്ളടക്കം പരിശോധിച്ച് തീർപ്പ് കൽപ്പിക്കുവാൻ ലോക് അദാലത്തിന് അധികാരമില്ല എന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസുമാരായ എം ആർ ഷാ, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ലോക് അദാലത്തിന്റെ അധികാരപരിധി പരിഗണനയ്ക്കായി എത്തുന്ന കേസിലെ കക്ഷികൾ അനുരഞ്ജനത്തിൽ എത്തുകയോ ധാരണയിലൂടെ കേസ് പിൻവലിക്കാൻ തീരുമാനിക്കുകയോ ചെയ്യുന്നതിനുള്ള അവസരമൊരുക്കുക എന്നുള്ളതാണ്. അങ്ങനെ അനുരഞ്ജനവും പിൻവലിക്കാനുള്ള ധാരണയും ഉണ്ടാകുന്നില്ലെങ്കിൽ ആ കേസിലെ ഉള്ളടക്കത്തിലേക്ക് പ്രവേശിച്ചു തീരുമാനമെടുക്കുവാനുള്ള അധികാരം ലോക് അദാലത്തിനില്ല എന്നാണ് സുപ്രീംകോടതി വിധിച്ചത്. കക്ഷികൾ ധാരണയിലെത്തുകയോ അനുരഞ്ജനം ഉണ്ടാക്കുകയോ ചെയ്യുന്നില്ലെങ്കിൽ പരിഗണനയ്ക്ക് വന്ന കേസുകൾ അവിടേക്ക് അയച്ച കോടതിയിലേക്കോ ട്രൈബ്യൂണലിലേക്കോ തിരിച്ചയക്കണമെന്നമെന്നും സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ചു.
മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് എത്തിയ ഒരു അപ്പീൽ ഹർജിയിലാണ് നിർണായകമായ ഈ വിധി ഉണ്ടായിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതി ലോക് അദാലത്തിലേക്ക് അയച്ച ഒരു കേസിലെ കക്ഷികൾക്ക് പരസ്പരധാരണ ആകുവാനോ അനുരഞ്ജനത്തിലെത്തുവാനോ കഴിഞ്ഞില്ല. എന്നാൽ ആ കേസിലെ ഉള്ളടക്കം പരിശോധിച്ച് ലോക് അദാലത്ത് ഒരു തീരുമാനം എടുത്തു. ഈ തീരുമാനത്തിൽ തൃപ്തിയില്ലാത്ത കക്ഷികൾ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. എന്നാൽ രണ്ടാമത് ഈ കേസ് ഫയലിൽ സ്വീകരിക്കുവാൻ ഹൈക്കോടതി വിസമ്മതിച്ചു.ലോക് അദാലത്തിൽ എത്തിയ കേസ് മടക്കി വീണ്ടും പരിശോധിക്കുകയില്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്. ഇതിനെതിരെ നൽകപ്പെട്ട അപ്പീൽ പരിശോധിച്ച സുപ്രീംകോടതി ലോക് അദാലത്തിൽ പരിഗണനയിൽ വരുന്ന കേസിന്റെ മെറിറ്റ് പരിശോധിച്ച് തീരുമാനം എടുക്കുവാൻ ലോക് അദാലത്തിലെ അംഗങ്ങൾക്ക് അധികാരമുണ്ടോ എന്ന് പരിശോധിച്ചു. 1987-ലെ ലീഗൽ സർവീസസ് അതോറിറ്റി ആക്ട് പ്രകാരം ലോക് അദാലത്ത് കക്ഷികളുടെ പരസ്പര സമ്മതമോ അനുരഞ്ജനമോ ഉണ്ടാകുന്നുവെങ്കിൽ കേസുകൾ രാജി ആക്കുവാനുള്ള സംവിധാനമാണ് എന്ന് നിരീക്ഷിച്ചു. കക്ഷികൾക്ക് സമ്മതം അല്ലാത്തപക്ഷം ഏത് കോടതിയിൽ നിന്നാണോ ലോക അദാലത്തിലേക്ക് കേസ് ആ കോടതിയിലേക്ക് കേസ് മടക്കണമെന്ന തീർപ്പും സുപ്രീംകോടതി കൽപ്പിച്ചു.

