തിരുവനന്തപുരം: കാമ്പസുകളിൽ ലിംഗനീതി ഉറപ്പാക്കാൻ ബോധവൽക്കരണത്തിന് നിർദ്ദേശം നൽകി

തിരുവനന്തപുരം: പ്രണയത്തിന്റെ പേരിൽ കോട്ടയത്ത് നടന്ന കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം ഗൗരവതരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ലിംഗനീതി ഉറപ്പാക്കാനുള്ള ബോധവൽക്കരണ പരിപാടികൾക്ക് മന്ത്രി അടിയന്തിര നിർദ്ദേശം നൽകി. എല്ലാ സ്ഥാപന മേധാവികൾക്കും ഇക്കാര്യത്തിൽ നിർദ്ദേശം നൽകുന്ന അടിയന്തിര ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി ഉന്നതവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ലൈംഗികാതിക്രമങ്ങളും സ്ത്രീ പീഡനങ്ങളും തടയാനുള്ള നിയമങ്ങളും വേദികളും സംബന്ധിച്ച് വിശദമായ വിവരണം ഉൾപ്പെടുന്ന ക്ളാസുകൾ കാമ്പസുകളിൽ നടക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഐസിസിയും ജൻഡർ ജസ്റ്റിസ് ഫോറങ്ങളും ഇതിന്റെ സംഘാടനത്തിന് ഉപയോഗിക്കണം. ഒക്ടോബറിൽത്തന്നെ ഈ പരിപാടികൾ നടക്കണം. ഐസിസി അംഗങ്ങളുടെ പേരുവിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാനും സ്ഥാപനമേധാവികൾക്ക് നിർദ്ദേശം നൽകണം – മന്ത്രി ആവശ്യപ്പെട്ടു.

ആൺകുട്ടികളായാലും പെൺകുട്ടികളായാലും സ്വതന്ത്രമായ ജീവിത തിരഞ്ഞെടുപ്പുകൾക്ക് അവർക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രണയത്തകർച്ചയുടെ പേരിൽ ഒരാളുടെ ജീവനെടുക്കുന്നതിലേക്ക് നയിക്കപ്പെടുന്നത് ഒട്ടും ആശാസ്യമല്ല. പ്രണയത്തിന്റെ പേരിൽ കാല്പനികവൽക്കരിച്ച് ഒരിക്കലും ഇതിനെ കണ്ടുകൂടാ. വർധിച്ചുവരുന്ന ഇത്തരം അതിക്രമ പ്രവണതകളെ ഗൗരവത്തോടെ കണ്ടുകൊണ്ടാണ് ക്യാമ്പസുകളിൽ ആവശ്യമായ ബോധവൽക്കരണത്തിന് നിർദ്ദേശം നൽകുന്നത് – മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →