അമ്മാന്‍: ഒരാഴ്ചത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് ഇന്ത്യയുടെ വനിതാ ബാസ്‌കറ്റ്ബോള്‍ ടീം കളത്തിലിറങ്ങുന്നു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ പ്രിന്‍സ് ഹംസ ഹാളില്‍ 27 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നടക്കുന്ന ഫിബ ഏഷ്യാ കപ്പില്‍ മത്സരിക്കാനാണ് ടീമെത്തിയത്.15 നാണ് ടീം ജിദ്ദയിലെത്തിയത്. പരിശീലനത്തിനു മതിയായ സമയം ലഭിക്കാത്തതാണു കോച്ച് സെര്‍ബിയക്കാരനായ സോറന്‍ വിസിച്ചിന്റെ ആശങ്ക. 27 നു നടക്കുന്ന എ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ജപ്പാനെ നേരിടും. ഇന്ത്യന്‍ സമയം 12.30 മുതലാണു മത്സരം.ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, ചൈനീസ് തായ്പേയ്, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങിയവരും എ ഗ്രൂപ്പിലുണ്ട്. അഞ്ചു വട്ടം ചാമ്പ്യന്‍മാരായ ടീമാണു ജപ്പാന്‍.
ടോക്കിയോ ഒളിമ്പിക്സില്‍ അവര്‍ സ്വര്‍ണവും നേടി. ചരിത്രത്തിലാദ്യമായാണു ജപ്പാന്‍ ഒളിമ്പിക് ബാസ്‌കറ്റില്‍ സ്വര്‍ണം നേടുന്നത്. 2022 ലെ ലോകകപ്പ് യോഗ്യതാ മത്സരം കൂടിയാണ് ഏഷ്യാ കപ്പ്. നാല് മലയാളി താരങ്ങളാണു ഷിറിന്‍ ലിമായ് നയിക്കുന്ന ടീമിലുള്ളത്. കെ.എസ്.ഇ.ബിയുടെ സ്റ്റെഫി നിക്സണ്‍, മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരത്തിന്റെ ആര്‍. ശ്രീകല, ചങ്ങനാശേരി അസംപ്ഷന്‍ കോളജിന്റെ സി.എസ്. അനുമരിയ, റെയില്‍വേസിന്റെ ശ്രുതി അരവിന്ദ് എന്നിവരാണു മലയാളി താരങ്ങള്‍. പരിചയ സമ്പന്നരായ പി.എസ്. ജീന, പി.ജി. അഞ്ജന എന്നിവര്‍ ടീമിലില്ല.
മറ്റു താരങ്ങള്‍: ഷിറിന്‍ ലിമായ്, മധു കുമാരി, എസ്. പുഷ്പ, പി.യു. നവനീത, എസ്. സാതിയ, എം. നിഷാന്തി, വൈഷ്ണവി യാദവ്, എസ്.എം. സഹാന. ശ്രീനിവാസ മൂര്‍ത്തി, എം. മീനാലത എന്നിവരാണ് അസിസ്റ്റന്റ് കോച്ചുമാര്‍. 27 മുതല്‍ 29 വരെ പ്രാഥമിക ഘട്ടമാണ്. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും.