ഇടുക്കി: ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.
24/09/2021 വെള്ളിയാഴ്ച പുലർച്ചെ 5 : 50 നാണ് സംഭവം. മധുരയിലെ ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്നതിനിടെ ഇരുവരും എസ് വളവിൽ നിലയുറപ്പിച്ച കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ഉടൻ തന്നെ ബൈക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും റോഡിൽ മറിഞ്ഞുവീണു. പിന്നാലെ ആന വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ വിജി മരിച്ചു. ഓടി മാറിയതിനാൽ ആനയുടെ ആക്രമണത്തിൽ നിന്നു മഹേന്ദ്രകുമാർ രക്ഷപെട്ടു. വിജിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി താലൂക് ആശുപത്രിയിലേക്ക് മാറ്റി.