തെരഞ്ഞെടുപ്പ് കോഴ കേസ്;
കെ. സുരേന്ദ്രനെ ചോദ്യം ചെയ്തു

കാസർകോട്: നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ബി.ജെ.പി കേരള സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്തു. വ്യാഴാഴ്ച(16/09/21) രാവിലെ 11.15 ഓടെ കാസർകോട് ജില്ല ഗസ്റ്റ് ഹൗസിൽ വെച്ചാണ് ജില്ല ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സുരേന്ദ്രനെ ചോദ്യം ചെയ്തത്.

സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് നടപടി. സ്ഥാനാർഥിത്വം പിൻവലിച്ച സമയത്ത് ജില്ലയിലുണ്ടായിരുന്നില്ലെന്നും ആരോപണമുന്നയിച്ച സുന്ദരയെ അറിയില്ലെന്നും ഒന്നേമുക്കാൽ നീണ്ട ചോദ്യംചെയ്യലിൽ സുരേന്ദ്രൻ ആവർത്തിച്ച് പറയുകയായിരുന്നു.

സുന്ദര തന്റെ സ്ഥാനാർഥിത്വം പിൻവലിക്കുന്നത് സംബന്ധിച്ച രേഖകൾ തയാറാക്കിയ അതേ ഹോട്ടലിലായിരുന്നു സുരേന്ദ്രൻ താമസിച്ചിരുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ വി.വി. രമേശനാണ് സംഭവത്തിൽ ആദ്യം കോടതിയെ സമീപിച്ചിരുന്നത്. തുടർന്ന് ബദിയടുക്ക പൊലീസ് കേസെടുക്കുകയായിരുന്നു. ശേഷം ജില്ലാ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയുമായിരുന്നു.

ബി.ജെ.പി ജില്ലാ നേതാക്കളായ സുനിൽ ഷെട്ടി, ബാലകൃഷ്ണ നായിക്ക് തുടങ്ങിയവരെ ചോദ്യം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇവർ സുന്ദരക്ക് പണം കൈമാറുകയും സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള രേഖകൾ തയാറാക്കാൻ സഹായിച്ചുവെന്നുമാണ് ആരോപണം. കെ. സുന്ദരയെ തട്ടക്കൊണ്ടു പോയി എന്നാരോപിക്കപ്പെട്ടവരെയും ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് സുരേന്ദ്രനെ വിളിപ്പിച്ചത്.

171 ബി. ഇ. വകുപ്പ് പ്രകാരമുള്ള കേസിലെ ഏക പ്രതിയാണ് സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്നാണ് കുറ്റം. നേരത്തെ ചോദ്യം ചെയ്യപ്പെട്ടവരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് സാധ്യത.

മഞ്ചേശ്വരത്തെയും ബത്തേരിയിലെയും കൊടകരയിലേയും കേസുകൾ സി.പി.എം സ്ഥാപിത താൽപര്യത്തിനായി സൃഷ്ടിച്ചതാണെന്നും നിയമവ്യവസ്ഥയെ ബഹുമാനിച്ച് അന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →