ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. 10/09/2021 വെള്ളിയാഴ്ചയായിരുന്നു സംഭവം. ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് മരിച്ചത്. ആരണി പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന ആരണിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണപ്പെട്ടത്.
റവന്യൂ അധികൃതരും പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരും ഹോട്ടലില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ഭക്ഷണ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 15 കിലോയോളം കോഴിയിറച്ചി പിടിച്ചെടുക്കുകയും ചെയ്തു.
സംഭവത്തില്‍ ഹോട്ടലുടമ അംജദ് ബാഷ, പാചകക്കാരന്‍ മുനിയാണ്ടി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോശം ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഭക്ഷ്യമന്ത്രി ഉത്തരവിട്ടു.

