കോഴിക്കോട്: കടലുണ്ടി – മെഡിക്കല്‍ കോളേജ് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയും ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് അഭ്യര്‍ത്ഥിച്ചിരുന്ന വേളയില്‍ പലയിടങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ട കാര്യമാണ് കടലുണ്ടിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് യാത്ര സൗകര്യത്തിനായി ബസ് സര്‍വീസ് നടത്തുക എന്നത്. നാട്ടുകാരുടെ ഏറെ കാലത്തെ കാത്തിരിപ്പിന് ശുഭപര്യവസാനം ആയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം കെഎസ് ആര്‍ടിസിയില്‍ നിരവധി നവീകരണങ്ങള്‍ നടത്തി. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചത്. കക്ഷി -രാഷ്ട്രീയ ഭേദമന്യേയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. ആര്‍ക്കും സമീപിക്കാം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ നാടിന്റെതാണ്. മന്ത്രിയും സര്‍ക്കാരും ജനങ്ങളുടേതാണ്. ജനങ്ങളുടെ ഏതാവശ്യത്തിനും ഒപ്പം ഉണ്ടാവാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.പി. ഗവാസ്, വാര്‍ഡ് മെമ്പര്‍ നിഷ പനയമഠത്തില്‍, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.