ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം പൂര്‍ത്തിയാകും. ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
കെയര്‍ ഇന്ത്യയുടെ സഹായത്തോടെ കോസ്റ്റ്‌ഫോര്‍ഡ് ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മിനിറ്റില്‍ 2000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുന്നത്. നിലവില്‍ ആശുപത്രിക്കാവശ്യമായ മുഴുവന്‍ ഓക്സിജനും ഈ പ്ലാന്റില്‍ നിന്നു തന്നെ ലഭിക്കുന്ന വിധത്തിലാണിതിന്റെ നിര്‍മാണം. കമ്മീഷനിംഗ് അടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ് പുളിക്കല്‍, എന്‍.എച്ച.എം. ജില്ല പ്രോജക്ട് മാനേജര്‍ ഡോ.കെ.ആര്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ ഉഷ നാരായണന്‍, കെയര്‍ ഇന്ത്യ സൊലൂഷ്യന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മനോജ് ഗോപാലകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.