പത്തനംതിട്ട: തിരുവല്ല തിരുമൂലപുരം തോലശേരി മേഖല, മേപ്രാല്‍, ചാത്തങ്കേരി എന്നിവിടങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് വാട്ടര്‍ അതോറിറ്റി അടിയന്തരമായി പരിഹാരം കാണണമെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുളിക്കീഴ് ജംഗ്ഷനിലെ കൈയേറ്റം ഒഴിപ്പിക്കണം. മുത്തൂര്‍ ജംഗ്ഷനിലെ സിഗ്‌നല്‍ ലൈറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. തിരുവല്ല രാമഞ്ചിറ ബൈപ്പാസിലെ ഓട നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തരമായി കൈക്കൊള്ളണം. ചുമത്രപാലം നിര്‍മാണം വേഗം തുടങ്ങണം. ബഥേല്‍പടി- ചുമത്ര റോഡ് നിര്‍മാണം ഉടന്‍ തുടങ്ങണം. എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനം മണ്ഡല അടിസ്ഥാനത്തില്‍ നടത്തണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.