പത്തനംതിട്ട: കടയ്ക്കാട്, മുടിയൂര്‍ക്കോണം, ആമപ്പുറം ഉള്‍പ്പെടെ പന്തളം മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂരില്‍ കെ.പി റോഡില്‍ പൈപ്പ് മാറ്റി സ്ഥാപിച്ച സ്ഥലങ്ങളിലെ മണ്ണ് ഉറപ്പിച്ച ശേഷം ടാര്‍ ചെയ്യുകയോ, കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്യണം. മണ്ണിട്ട് ശരിയായി ഉറപ്പിക്കാത്തതിനാല്‍ വാഹനങ്ങള്‍ താഴുന്ന സ്ഥിതിയുണ്ട്. ഇതിനു പരിഹാരം കാണണം. റോഡുകളുടെ വശങ്ങളിലെ കാടുകള്‍ തെളിക്കണം. പറക്കോട്-കൊടുമണ്‍ റോഡ് അടിയന്തരമായി ടാര്‍ ചെയ്യണം. ആനയടി റോഡില്‍, പള്ളിക്കല്‍ പഞ്ചായത്ത് ഓഫീസ് മുതല്‍ കുരമ്പാല തെക്കു വരെ ടാര്‍ ചെയ്യാവുന്ന സ്ഥിതിയിലാണ്. ഇത് ഉടന്‍ പൂര്‍ത്തീകരിക്കണം. മെറ്റല്‍ ഇളകി കിടക്കുന്നതു മൂലം ജനങ്ങള്‍ വളരെ ബുദ്ധിമുട്ടിലാണ്. ഇതിനു പരിഹാരം കാണണം.
ഏഴംകുളം- കൈപ്പട്ടൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണം. ഈ റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ നടത്തണം. പന്തളം നഗരസഭ സിഎഫ്എല്‍ടിസിയില്‍ ഭക്ഷണം, വാഹനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണം. കൈതപ്പറമ്പ് പിഎച്ച്സിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണം. പന്തളം മുട്ടാര്‍ നീര്‍ച്ചാലിന്റെ സര്‍വേ നടത്തുന്നതിന് ടീമിനെ നിയോഗിക്കണം. അടൂര്‍ ടൗണിലെ അഴുക്കുചാല്‍ നവീകരണം കൃത്യമായി നടത്തണം. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രം റോഡ് ടാര്‍ ചെയ്യണം. പന്തളം റവന്യു ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വേഗമാക്കണം. നെടുങ്കുന്നുമല ടൂറിസം പദ്ധതിക്കുള്ള നടപടി വേഗമാക്കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.