അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ അടിച്ചുകൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ ഭീകരര്‍ അടിച്ചുകൊന്നു. ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ സിയാര്‍ യാദിനെയാണ് താലിബാന്‍ വധിച്ചത്.

അഫ്ഗാനിലെ മുന്‍നിര മാധ്യമമാണ് ടോളോ ന്യൂസ്. രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി സിയാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ കൊലപ്പെടുത്തിയത്.

സിയാറിനൊപ്പമുണ്ടായിരുന്ന ക്യാമറാ പേഴ്‌സണിനും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. റിപ്പോര്‍ട്ടിംഗിനായി ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് ആക്രമിക്കുകയായിരുന്നൂവെന്ന് സിയാദ് പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈത്തോക്കുപയോഗിച്ചായിരുന്നു മര്‍ദ്ദനം. സിയാദിന്റെ ഫോണും താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയ ശേഷം മറ്റു രാജ്യങ്ങളിലേയും അഫ്ഗാനിലെയും പൗരന്മാരായ ആയിരക്കണക്കിന് പേര്‍ രാജ്യം വിടുന്നതിന്റെ തിരക്കിലാണ്. ഇതിനിടെ അമേരിക്കന്‍ സേനയെ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിയായ ആഗസ്റ്റ് 31 നീട്ടി നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം താലിബാന്‍ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →