ടോക്യോ: ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4:30 മുതലാണ് ഉദ്ഘാടന ചടങ്ങുകൾ. സെപ്തംബർ 5 വരെ നീളുന്ന പാരാലിമ്പിക്സിൽ 54 അംഗ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുന്നത്. ‘ഒറ്റ മനസോടെ മുന്നോട്ട് നീങ്ങുക”യെന്ന സന്ദേശത്തിലൂന്നിയാണ് പതിനാറാമത് പാരാലിമ്പിക്സ് ടോക്കിയോവിൽ അരങ്ങേറുന്നത്.
135 രാജ്യങ്ങളിൽ നിന്നായി 4,400 കായിക താരങ്ങളാണ് പാരാലിമ്പിക്സിൽ മത്സരിക്കുക.22 കായിക വിഭാഗങ്ങളിലെ 539 ഇനങ്ങളിൽ മെഡലുകൾ നിർണയിക്കപ്പെടും.
മാരിയപ്പൻ തങ്കവേലു ഉൾപ്പടെ 5 ഇന്ത്യൻ അത്ലറ്റുകളും നാല് ഉദ്യോഗസ്ഥരുമടക്കം 9 പേരാണ് ഉദ്ഘാടന ചടങ്ങിൽ രാജ്യത്തെ പ്രതിനിധീകരിക്കുക. ജാപ്പനീസ് ചക്രവർത്തി നരുഹിതോ പാരാലിമ്പിക്സ് ഉദ്ഘാടനപ്രഖ്യാപനം നടത്തും. ഷൂട്ടിംഗിൽ രണ്ട് ഇനങ്ങളിൽ മത്സരിക്കുന്ന തിരുവനന്തപുരത്തുകാരൻ സിദ്ധാർത്ഥ ബാബുവാണ് 54 അംഗ ഇന്ത്യൻ ടീമിലെ ഏക മലയാളി.
കഴിഞ്ഞ തവണത്തെ റിയോ പാരാലിമ്പിക്സിൽ 19 അത്ലറ്റുകളാണ് രാജ്യത്തിനായി മത്സരിച്ചത്.രണ്ട് സ്വർണവും ഒന്ന് വീതം വെള്ളിയും വെങ്കലവും അടക്കം നാല് മെഡലുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് 2016ൽ ഇന്ത്യ കാഴ്ചവച്ചത്.

