വാടക തര്‍ക്കത്തിനിടെ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവം: സ്ത്രീകൾ ഉൾപ്പടെ നാല് പേര്‍ അറസ്റ്റില്‍

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വാടക തർക്കത്തിന്റെ പേരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘത്തിന്റെ മർദനമേറ്റ് കീഴുത്താണി സ്വദേശി സൂരജ് 21/08/21 ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. സൂരജിന്റെ പിതാവ് ശശിധരനും സഹോദരൻ സ്വരൂപും ഗുരുതരാവസ്‌ഥയിൽ ചികിത്സയിലാണ്.

തൃശൂർ പൊറുത്തിശ്ശേരി സ്വദേശി ലോറൻസ്, ഭാര്യ സിന്ധു, കോമ്പാറ സ്വദേശി ഷാജു, ഭാര്യ രഞ്ജിനി എന്നിവരെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ലോറൻസിന്റെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്ന ശശിധരനും കുടുംബവും വീട് ഒഴിയുന്നത് സംബന്ധിച്ച് തർക്കങ്ങൾ നിലനില്‍ക്കുന്നുണ്ടായിരുന്നു.

ഉത്രാട ദിവസം വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ശശിധരനെയും മക്കളായ സൂരജിനെയും സ്വരൂപിനെയും കമ്പിപ്പാര കൊണ്ട് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും നാട്ടുകാർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. പുലർച്ചയോടെ സൂരജ് മരിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →