ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയുടെ പ്രവേശന പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്ന് സുപ്രീംകോടതി. സെപ്തംബര്‍ അഞ്ചിനാണ് പരീക്ഷ. സായുധ സേനയിൽ കൂടുതൽ സ്ത്രീകളുടെ പ്രവേശനത്തിന് വഴിതുറക്കുന്ന സുപ്രധാന ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. സായുധസേനയിലെ വനിതാപ്രാതിനിധ്യത്തിന്റെ കാര്യത്തിലെ ഇടുങ്ങിയ മനസ്ഥിതിയെ കോടതി വിമര്‍ശിച്ചു.
മാനസികാവസ്ഥയുടെ പ്രശ്നമാണിത്. ലിംഗ വിവേചനത്തിന്റെ പ്രശ്നമാണിത്. ഉത്തരവിറക്കാൻ നിർബന്ധിക്കരുത്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ക്ക് സേനാവിഭാഗങ്ങള്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് കോടതി വ്യക്തമാക്കി. സേനയില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അജയ് റസ്തോഗി എന്നിവരുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു.
ഇത്തരം വിധികളുണ്ടായിട്ടും സ്ത്രീകള്‍ക്ക് അവസരങ്ങൾ നിഷേധിക്കുന്നതിൽ ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. “സേനയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് വിധികളുണ്ടായിട്ടും നിങ്ങളെന്താ ഇങ്ങനെ ചെയ്യുന്നത്? ഇത് അസംബന്ധമാണ്”- ജസ്റ്റിസ് കൗൾ അഡീഷണൽ സോളിസിറ്റർ ജനറലിനെ അതൃപ്തി അറിയിച്ചു.
റിക്രൂട്ട്മെന്റ് നയം വിവേചനപരമല്ലെന്നും സ്ത്രീകൾക്ക് അപേക്ഷിക്കാൻ ധാരാളം അവസരങ്ങളുണ്ടെന്നും സർക്കാർ വാദിച്ചു. വ്യത്യസ്തമായ പരിശീലനമുറകളാണ്. ആത്യന്തികമായി ദേശീയ സുരക്ഷയുടെ കാര്യമാണെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി പറഞ്ഞു.
എൻ.ഡി.എ പ്രവേശന പരീക്ഷയെഴുതാന്‍ സ്ത്രീകളെ അനുവദിക്കാത്തത് ഭരണഘടനാവിരുദ്ധമാണെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സെപ്തംബര്‍ 8ന് ഹരജിയില്‍ അന്തിമവാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.