തിരുവനന്തപുരം: കോവിഡിനും സികക്കും പിന്നാലെ, ഭീഷണിയായി എലിപ്പനി സംസ്ഥാനത്ത് വ്യാപകമാകുന്നു. രണ്ടാഴ്ചക്കിടെ 17 എലിപ്പനി മരണങ്ങൾ സംസ്ഥാനത്തുണ്ടായി ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നു.
പല ജില്ലകളിലും സ്ഥിതി രൂക്ഷമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തപ്പെടുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കാൻ ജില്ല മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം നൽകി. എല്ലാ ജില്ലകളിലും രോഗസാധ്യതാപ്രദേശങ്ങളിലുള്ളവർക്ക് ‘ഡോക്സിസൈക്ലിന്‍’ ഗുളിക വിതരണം നടത്തിയിരുന്നെന്നും പലരും അത് കൃത്യമായി കഴിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നു.
എലിപ്പനി സാധ്യതാ മേഖലയായ ആലപ്പുഴ ജില്ലയിൽ ഡോക്സിസൈക്ലിൻ ഉപയോഗം ഏറക്കുറെ പൂർണമായതിനാൽ അവിടെ രോഗികളുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ, തിരുവനന്തപുരം ഉൾപ്പെടെ മറ്റ് ജില്ലകളുടെ സ്ഥിതി അതല്ലെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

