അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷം രൂപയുടെ നിക്ഷേപം; കുഞ്ഞാലിക്കുട്ടിക്ക് ബിനാമി പേരില്‍ കോടികളുടെ നിക്ഷേപമെന്ന് ജലീല്‍

തിരുവനന്തപുരം: മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. ബിനാമി പേരിലാണ് കുഞ്ഞാലിക്കുട്ടി കോടികള്‍ നിക്ഷേപിച്ചിട്ടുള്ളതെന്നും ബാങ്കില്‍ വ്യാജനിക്ഷേപം ധാരാളമുണ്ടെന്നും ജലീല്‍ 13/08/21 വെളളിയാഴ്ച ആരോപിച്ചു.

ബാങ്കില്‍ 600 കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. ഇന്‍സ്ട്രക്ഷന്‍ വിംഗിന്റെ പരിശോധനയില്‍ ഇതിനകം 300 കോടിയുടെ കള്ളപ്പണം കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കുന്നതോടെ 600 കോടിയിലെത്തുമെന്നും ജലീല്‍ പറഞ്ഞു.

ഒരു അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷം രൂപയുടെ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഈ ടീച്ചര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജലീല്‍ പറയുന്നു.

ആളുകളില്ലാത്ത നിക്ഷേപം മുഴുവന്‍ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് ഉണ്ടാക്കിയതാണ്. ഇത് സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണസൂക്ഷിപ്പുകാരന്‍. ഹരികുമാര്‍ സ്വയം സൂക്ഷിക്കുന്നത് നന്നാകും. സത്യം പുറത്തുവരുമ്പോള്‍ അദ്ദേഹത്തെ അപായപ്പെടുത്താനുള്ള നീക്കംവരെ ഉണ്ടായേക്കാം. എ. ആര്‍ നഗര്‍ തന്റെ കുറേ ആളുകളെവെച്ച് കുഞ്ഞാലിക്കുട്ടി നടത്തിക്കൊണ്ടുപോകുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും ജലീല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എ. ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 2018മുതല്‍ തന്നെ ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സഹകരണവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബാങ്കില്‍ നിന്ന് സെക്രട്ടറിയായി വിരമിച്ചയാള്‍ പിറ്റേന്ന് തന്നെ ഡയറക്ടര്‍ ആയി ചുമതലയേറ്റത് മുതല്‍ ക്രമക്കേടുകളുടെ പേരില്‍ ആരോപണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്നത്തെ ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുള്ള അക്കൗണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സെക്രട്ടറി 17 കോടിയുടെ ഇടപാട് നടത്തിയതായി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും ജലീല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →