കൊല്ലം: ഊര്‍ജിത കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയായ അശ്വമേധത്തിന്റെ നാലാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ യു. പവിത്ര നിര്‍വഹിച്ചു. സമ്പൂര്‍ണ്ണ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനമാണ് ലക്ഷ്യം. പരിശീലനം ലഭിച്ച രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ആറ് മാസക്കാലയളവില്‍ നിരന്തരം വീടുകളിലെത്തി പരിശോധന നടത്തും. നിറം മങ്ങിയതും സ്പര്‍ശനശേഷി നഷ്ടമായതോ കുറഞ്ഞതോ ആയ പാടുകള്‍, കൈകാലുകളിലെ മരവിപ്പ്, നാഡികളില്‍ തടിപ്പും വേദനയും, വേദനയില്ലാത്ത വ്രണങ്ങള്‍, കണ്‍പോളകള്‍ അടയ്ക്കാന്‍ കഴിയാതാവുക, ചെവിക്കുടയില്‍ കുരുക്കള്‍ വന്ന് തടിക്കുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. വാര്‍ഡ് കൗണ്‍സിലര്‍ അനീഷ് കുമാര്‍ അധ്യക്ഷനായി. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. ഉദയകുമാര്‍, ഡി.എം.ഒ ഡോ. ആര്‍. ശ്രീലത, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. സാജന്‍ മാത്യൂസ്, എന്‍. എച്ച്. എം. പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണ്‍, പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മൊഹമദ് ഷിഹാന്‍, അസി. ലെപ്രസി ഓഫീസര്‍ മുസൈബ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.