വഞ്ചിയൂര്‍: കോടതി പരിസരത്തുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം. 09/08/21 തിങ്കളാഴ്ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തുവെച്ചാണ് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തത്.
സിറാജ് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ശിവജി, കെ.യു.ഡബ്ള്യു.ജെ നേതാവ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്.
മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസ് പരിഗണിക്കവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്, വഫ ഫിറോസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നതിനിടെയായിരുന്നു സംഭവം.
മാധ്യമപ്രവര്‍ത്തകര്‍ ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരെ അഭിഭാഷകര്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ശിവജിയുടെ മൊബൈല്‍ ഫോണ്‍, ഐഡന്‍ഡിറ്റി കാര്‍ഡ് എന്നിവ അഭിഭാഷകര്‍ തട്ടിപ്പറിക്കുകയും കാര്യമന്വേഷിച്ചെത്തിയ കെ.യു.ഡബ്ള്യു.ജെ ജില്ലാ ഭാരവാഹി കൂടിയായ സുരേഷ് വെള്ളിമംഗലത്തിനു നേരെ തട്ടിക്കയറുകയും ചെയ്തു. പൊലീസിന്റെ പക്ഷത്ത് നിന്നും മോശമായ പ്രതികരണമാണ് നേരിട്ടതെന്നും സുരേഷ് വെള്ളിമംഗലം പറഞ്ഞു.
തന്നെ കൈയേറ്റം ചെയ്ത അഭിഭാഷകര്‍ക്കെതിരെ സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി പൊലീസില്‍ പരാതി നല്കി.

