ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, വിവാദ കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യസഭയിലെ പ്രതിഷേധം തുടരവേ മോദിയെ സഭയിലേക്ക് ക്ഷണിച്ച് പ്രതിപക്ഷത്തിന്റെ വീഡിയോ. ”മോദി, വരൂ, ഞങ്ങളെ കേള്‍ക്കൂ” എന്ന ക്യാപ്ഷനോടെ പ്രതിപക്ഷ നേതാക്കളുടെ അഭ്യര്‍ഥന അടങ്ങുന്ന മൂന്ന് മിനിറ്റ് വീഡിയോ ഇന്നലെ ഡെറിക് ഒബ്രയാനാണ് ട്വീറ്റ് ചെയ്തത്.ധൈര്യമുണ്ടെങ്കില്‍ ഇപ്പോള്‍ ചര്‍ച്ച തുടങ്ങൂ എന്നു കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വീഡിയോ സന്ദേശത്തില്‍ പറയുന്നതായി കേള്‍ക്കാം. വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ എത്തി തങ്ങളെ കേള്‍ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.ഇത്തവണ ഒരേ ഒരു പ്രാവശ്യമാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ എത്തിയത്. സഭയെ അഭിസംബോധന ചെയ്യാനും പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താനും. എന്നാല്‍, പ്രതിപക്ഷ ബഹളത്തില്‍ നടപടികള്‍ തടസപ്പെട്ടതോടെ മന്ത്രിമാരെ പരിചയപ്പെടുത്തനായില്ല. ഇതോടെ മന്ത്രിമാരെ പരിചയപ്പെടുത്തിയതായി കണക്കാക്കിക്കൊള്ളൂ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.ഫോണ്‍ ചോര്‍ത്തലും വിവാദ കാര്‍ഷിക നിയമങ്ങളും അടക്കമുള്ളവ ചര്‍ച്ചചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അനധികൃതമായി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പ്രസ്താവം ഇറക്കിയെങ്കിലും ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ ഇനിയും വഴങ്ങിയിട്ടില്ല.
മോദി, വരൂ, ഞങ്ങളെ കേള്‍ക്കൂ: വീഡിയോയുമായി പ്രതിപക്ഷം
