ആലപ്പുഴ: പഞ്ചാര മണലില്‍ റാഗിയും ചെറുപയറുമൊക്കെ വിളയിച്ച് ചരിത്രം കുറിച്ച ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ജൈവ പച്ചക്കറി കൃഷിയില്‍ വിപ്ലവം രചിക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ തുടര്‍ച്ചയായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പിന്റെ സഹകരണത്തോടെ സംയുക്ത പദ്ധതിയായാണ് പച്ചക്കറി കൃഷി നടത്തുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷിയില്‍ മികച്ച ഉത്പ്പാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷിക്കാവശ്യമായ പച്ചക്കറി വിത്തുകള്‍ സബ്‌സിഡി ഇനത്തില്‍ കൃഷിവകുപ്പ് നല്‍കും. തൊഴില്‍ ദിനങ്ങളുടെ വേതനം തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും തൊഴിലാളികള്‍ക്ക് ലഭിക്കും.
പയര്‍, പടവലം, പീച്ചില്‍, വെള്ളരി, മത്തന്‍, പച്ചമുളക്, വെണ്ട, വഴുതന എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ 22 വാര്‍ഡുകളിലുമായി 160 കാര്‍ഷിക ഗ്രൂപ്പുകളാണുള്ളത്. 15 അംഗങ്ങള്‍ വീതമുള്ള ഒരു കാര്‍ഷിക ഗ്രൂപ്പിന് 2.50 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കൃഷി ചെയ്യാം. ആകെ 400 ഏക്കറില്‍ പച്ചക്കറി കൃഷി നടത്താനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പത്മം പറഞ്ഞു. പദ്ധതിയിലൂടെ ഒരു ഗ്രുപ്പിന് 1200 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. പച്ചക്കറി കൃഷിക്കാവശ്യമായ വിത്തുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ റോസ്മി ജോര്‍ജ് പറഞ്ഞു. 7.02 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഏഴു കോടി രൂപ തൊഴിലുറപ്പ് പദ്ധതി പ്രകാരവും രണ്ട് ലക്ഷം രൂപ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുമാണ് വകയിരുത്തിയിരിക്കുന്നത്.