തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റിയിലെ വന്‍ നിയമന തട്ടിപ്പ് 14 വര്‍ഷങ്ങളിലെ നിയമ പോരാട്ടത്തിലൂടെ പുറത്തായി. 2007 ല്‍ എഡ്യൂക്കേഷന്‍ വകുപ്പിലെ അദ്ധ്യാപക നിയമനത്തില്‍ ഒന്നാം റാങ്കിന് അര്‍ഹതയുണ്ടായിരുന്ന ബിന്ദുവിനെ കളളക്കളിയിലൂടെ യണിവേഴ്‌സിറ്റി മൂന്നാം റാങ്കിലേക്ക് താഴ്‌തി. ഒന്നാം റാങ്ക് ലഭിച്ചത് അന്നത്തെ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ഭാര്യക്ക്. ജനറല്‍ വിഭാഗത്തില്‍ 2 ഒഴിവുകള്‍ മാത്രമുണ്ടായിരുന്നതിനാല്‍ നിയമനം ലഭിക്കാതെ ബിന്ദു പുറത്തായി.
അതേ തുടര്‍ന്ന് 2009 മുതല്‍ ബിന്ദു നിയമ പോരാട്ടത്തിലായിരുന്നു. പോരാട്ടത്തിനൊടുവില്‍ ബിന്ദുവിനാണ് ഒന്നാം റാങ്കിനര്‍ഹതയെന്നും മുന്‍കാല പ്രാബല്യത്തോടെ നിയമനം നല്‍കണമെന്നും സുപ്രീം കോടതി വിധിച്ചതോടെ സര്‍വകലാശാല നാണക്കേടിലായി. നിലവില്‍ തൈക്കാട് ഗവ.ട്രെയിനിംഗ് കോളേജില്‍ അസി. പ്രൊഫസറായ ബിന്ദു തന്നെ ചതിച്ചുപുറത്താക്കിയ സര്‍വകലാശലയില്‍ ഇനി അഭിമാനത്തോടെ അദ്ധ്യാപികയാവും. 2009ലാണ് ബിന്ദു ഹൈക്കോടതിയെ സമീപിച്ചത്. 2014ല്‍ സിംഗിള്‍ ബെഞ്ചിന്‍റെ അനുകൂല വിധി വന്നെങ്കിലും സര്‍വകലാശാല അപ്പീല്‍ പോയി. 2018ല്‍ ഡിവിഷന്‍ ബെഞ്ച് ഈ വിധി റദ്ദാക്കി. അതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്ന് രണ്ടാം റാങ്ക് കിട്ടിയ ആള്‍ പിന്നീട് രാജിവെച്ച് എംജി സര്‍വകലാശാലയില്‍ നിയമനം നേടിയതിനാല്‍ ആരെയും ഒഴിവാക്കാതെ തന്നെ ബിന്ദുവിന് നിയമനം നല്‍കാനാവും. 60 വയസുവരെ ജോലിയില്‍ തുടരാനാവും.
52-ാം വയസിലും പഠനം തുടരുന്ന വിദ്യാര്‍ത്ഥിനിയാണ് ബിന്ദു. 6 ബിരുദാനന്തര ബിരുദങ്ങള്‍,3 പിജി ഡിപ്ലോമ, നാലാമത്തെ ഡിപ്ലോമ കോഴ്‌സിന്‍റെ ഫലം കാത്തിരിക്കുന്നു. കേരള സര്‍വകലാശാലയില്‍നിന്ന് കെമിസ്‌ട്രിയില്‍ എംഎസ് സിയും ഒന്നാം റാങ്കോടെ എംഎഡും നേടിയ ബിന്ദു 2001ല്‍ എഡ്യൂക്കേഷനില്‍ പിഎച്ച്ഡി നേടിയശേഷം എസ് സി ഇ ആര്‍ടിസിയില്‍ റിസര്‍ച്ച് ഓഫീസറായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2003 ല്‍ കേരള സര്‍വകലാശാലയില്‍ റിസര്‍ച്ച് ഗൈഡുമായി. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനിയായ ബിന്ദു തിരുമലയിലാണ് താമസം. കേരള സര്‍വകലാശാല വിദ്യാഭ്യാസ വകുപ്പിലെ മുന്‍ മേധാവി ഡോ.വിശ്വനാന്‍ നായരാണ് ഭര്‍ത്താവ്. .

