പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ റാന്നിയിലെ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടി. ആകെ പരീക്ഷ എഴുതിയ 25 പേരില്‍ നാലു കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡും, ഒരു കുട്ടിക്ക് ഒന്‍പത് വിഷയങ്ങള്‍ക്ക് എ പ്ലസ് ഗ്രേഡും നാലു കുട്ടികള്‍ക്ക് എട്ട് വിഷയങ്ങള്‍ക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ മികച്ച വിജയം നേടിയത് എന്നത് ശ്രദ്ധേയമാണ്.
കോവിഡ് മഹമാരിയുടെ പശ്ചാത്തലത്തിലും പത്ത്, പ്ലസ് ടു ക്ലാസുകളിലെ അട്ടപ്പാടിയുള്‍പ്പെടെ വിദൂരപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ 2020 ഡിസംബര്‍ മുതല്‍ സ്‌കൂളിലെത്തിച്ച് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഒന്‍പത് വിഷയങ്ങള്‍ക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ച ശരത് എന്ന വിദ്യാര്‍ത്ഥി അട്ടപ്പാടിയിലെ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗമായ കുറുമ്പര്‍ വിഭാഗത്തില്‍പ്പെട്ടയാളാണ്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ വീടുകളിലെത്തി അനുമോദിച്ച് പാരിതോഷികം വിതരണം ചെയ്തു.
ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികളില്‍ 31 പേരും വിജയിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ 80 ശതമാനത്തിനു മേല്‍ മാര്‍ക്ക് വാങ്ങിയാണ് വിജയിച്ചിട്ടുള്ളത്. വിജയശതമാനം 96.88%.
അട്ടപ്പാടിയില്‍ നിന്നുള്ളവരുള്‍പ്പെടെ വിവിധ ജില്ലകളിലെ വിദ്യാര്‍ത്ഥികളെ അവരുടെ വീട്ടിലെത്തി അധ്യാപകരും സ്‌കൂള്‍ അധികൃതരും പഠന പുരോഗതി വിലയിരുത്തുന്നുണ്ട്. ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമല്ലാതിരുന്ന 21 വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍, ടാബ് മുതലായവ ലഭ്യമാക്കി. ഓണ്‍ലൈന്‍ പഠനം മോണിട്ടര്‍ ചെയ്യുന്നതിന് ഹെഡ്മിസ്ട്രസ്, പ്രിന്‍സിപ്പല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളില്‍ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 35 കുട്ടികള്‍ക്ക് വീതവും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഹ്യൂമാനിറ്റീസ് ഐച്ഛികവിഷയമായി 50 കുട്ടികള്‍ക്കും പ്രവേശനം നല്‍കി വരുന്നു. നിലവില്‍ അഞ്ച്, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളില്‍ നിലവിലുള്ള ഒഴിവിലേക്കും അഡ്മിഷന്‍ നല്‍കി വരുന്നു

