കുറ്റിയാടിയിൽ കൂട്ട നടപടിയുമായി സി പി എം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കുറ്റിയാടി മണ്ഡലത്തിൽ കൂടുതൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടികളെടുത്ത് സിപിഐഎം. കുറ്റിയാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ സസ്‌പെന്റ് ചെയ്തു.

ലോക്കല്‍ കമ്മറ്റി പിരിച്ചുവിട്ടതിന് പിന്നാലെ 32 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. കുറ്റിയാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെകെ ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെപി ബാബുരാജ്, കെപി ഷിജില്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

കെപി വത്സന്‍, സികെ. സതീശന്‍, കെവി ഷാജി എന്നിവരെ ഒരു വര്‍ഷത്തേക്കും സികെ ബാബു, എഎം. വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു. വടയം ലോക്കല്‍ കമ്മിറ്റിയിലെ ഏരത്ത് ബാലന്‍, എഎം അശോകന്‍ എന്നിവരെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

കുറ്റിയാടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടികെ ജമാല്‍, കൂരാറ ബ്രാഞ്ച് സെക്രട്ടറി വിനോദന്‍, ഡിവൈഎഫ്‌ഐ കുറ്റ്യാടി മേഖല സെക്രട്ടറി കെവി രജീഷ് എന്നിവരെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പുറത്താക്കിയവരില്‍ പാലേരി ചന്ദ്രന്‍ കുറ്റിയാടി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറികൂടിയാണ്. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത മറ്റ് ബ്രാഞ്ച് സെക്രട്ടറിമാരെ താക്കീത് ചെയ്തു. പതിനാല് ബ്രാഞ്ചുകളാണ് കുറ്റ്യാടി ലോക്കലിലുള്ളത്. അഡ്‌ഹോക് കമ്മിറ്റി ഇനി ബ്രാഞ്ച് കമ്മിറ്റികള്‍ വിളിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ താക്കീത് ചെയ്യും. പിസി രവീന്ദ്രന്‍ സെക്രട്ടറിയായ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി നേരത്തേ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ഏരിയ കമ്മിറ്റിയംഗം എഎം റഷീദ് കണ്‍വീനറായ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നു.

കുന്നുമ്മല്‍ ഏരിയ കമ്മിറ്റിയിലെ ടികെ. മോഹന്‍ദാസ്, കെ.പി. ചന്ദ്രി എന്നിവര്‍ക്കെതിരെ നേരത്തേ നടപടിയെടുത്തിരുന്നു. യുഡിഎഫില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തിട്ടും കെപി കുഞ്ഞമ്മദ്കുട്ടി എംഎല്‍എയെ ജില്ല സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയാണ് കുറ്റിയാടി വിഷയത്തില്‍ സിപിഐഎം നടപടി ആരംഭിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →