ഫോൺ വിളി വിവാദം; എ കെ ശശീന്ദ്രനൊപ്പം സർക്കാരും കുരുക്കിലേക്ക്

തിരുവനന്തപുരം: ഫോൺ വിളി വിവാദത്തിൽ എ കെ ശശീന്ദ്രനൊപ്പം സർക്കാരും കുരുക്കിലേക്ക്. സ്ത്രീ സുരക്ഷയ്ക്ക് വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി സർക്കാർ മുന്നേറുമ്പോഴാണ് ഒരു മന്ത്രിസഭാംഗം തന്നെ പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമുയരുന്നത്. പീഡന പരാതി ഒതുക്കാൻ മന്ത്രി ശ്രമിച്ചതിന് തെളിവായി ശബ്ദസന്ദേശമടക്കം പുറത്തുവന്നതിനാൽ വിഷയത്തിൽ സർക്കാർ പ്രതിരോധത്തിലാവുമെന്ന് തീർച്ചയാണ്. എ കെ ശശീന്ദ്രന് ഇക്കാര്യത്തിൽ നേതാക്കളുടെ പരസ്യ പിന്തുണയും ലഭിച്ചേക്കില്ല. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ത്രിയുടെ രാജിയെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു.

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് വീടുകളില്‍ എത്തി സ്ത്രീ പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ പിങ്ക് പോലീസ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം കൊടുക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെയാണ് 20/07/21 ചൊവ്വാഴ്ച മന്ത്രിക്കെതിരെ തന്നെ പരാതി ഉയരുന്നത്.

പീഡനപരാതിയാണെന്ന് അറിയില്ലായിരുന്നുവെന്നും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാനുള്ള ഇടപെടലാണ് താന്‍ നടത്തിയതെന്നുമാണ് മന്ത്രി എ കെ ശശീന്ദ്രന്റെ വിശദീകരണം. എന്നാല്‍‍ പരാതി ‘നല്ല രീതിയില്‍ തീര്‍ക്കണ’മെന്ന ശബ്ദരേഖയിലെ മന്ത്രിയുടെ ആവശ്യം ഈ വിശദീകരണത്തെ തള്ളുന്നതാണ്. കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്ത പരാതിയിലാണ് മന്ത്രിയുടെ ഇടപെടലെന്നതും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.

22/07/21 വ്യാഴാഴ്ച നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ മന്ത്രിയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണം പ്രതിപക്ഷം സര്‍ക്കാരിനെതിരായ ആയുധമാക്കി കഴിഞ്ഞിട്ടുണ്ട്. എ കെ ശശീന്ദ്രന്‍ രാജി വെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം, മന്ത്രിക്കെതിരായ ആരോപണത്തില്‍ എന്‍സിപിക്ക് ഉള്ളിലും വ്യത്യസ്ത നിലപാടാണ് ഉള്ളത്. എ കെ ശശീന്ദ്രനെ തള്ളി യുവജന വിഭാഗം പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു.

പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായതില്‍ സിപിഐഎമ്മിന് കടുത്ത നീരസം ഉണ്ടെന്നാണ് വിവരം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്‍സിപി ആദ്യം നിലപാട് വ്യക്തമാക്കണമെന്ന നിര്‍ദേശമാണ് സിപിഐഎം നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. നേരത്തെ 2017 ലും ഫോണ്‍കെണിയില്‍ കുടുങ്ങിയായിരുന്നു എ കെ ശശീന്ദ്രന് മന്ത്രി പദം നഷ്ടമായത്. പിന്നീട് ജുഡീഷ്യല്‍ അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് നേടിയായിരുന്നു അദ്ദേഹത്തിന്റെ മന്ത്രിസഭയിലേക്കുള്ള മടക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →