കട്ടപ്പന : ഏലത്തിന്റെയും കുരുമുളകിന്റെയും വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സമരത്തിലേക്ക്. വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം . ഏലം കൃഷിരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുളള പുരസ്‌കാര ജേതാവായ റെജി ഞളളാനി, സുനില്‍ വണ്ടന്മേട്, എംഎല്‍ആഗസ്‌തി എന്നിവരുടെ നേതൃത്വത്തില്‍ ഏലം കര്‍ഷകര്‍ 2021 ജൂലൈ 29ന് കട്ടപ്പന സ്‌പൈസസ് ബോര്‍ഡ് പടിക്കല്‍ സത്യോഗ്രഹം നടത്തും. സ്‌പൈസസ് ബോര്‍ഡ് പിരിച്ചുവിടുക, ഏലക്കായ്‌ക്ക് 5000രൂപ തറവില നിശ്ചയിക്കുക, കുരുമുളകിന്റെ ഇറക്കുമതി തടയുക, വളം കീടനാശിനി എന്നിവ ന്യാമായ വിലക്ക് ലഭ്യമാക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, 56 വയസുകഴിഞ്ഞ മുഴുവന്‍ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന അതേ പെന്‍ഷന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഏലക്കായുടെ വില കുറഞ്ഞതിന് പിന്നില്‍ സ്‌പൈസസ് ബോര്‍ഡും ലേല ഏജന്‍സികളുമാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 1986ല്‍ സ്‌പൈസസ് ബോര്‍ഡ് രൂപീകരിക്കുന്നതുവരെ കാര്‍ഡമം ബോര്‍ഡിന് ചുമതല ഉണ്ടായിരുന്ന കാലഘട്ടത്തില്‍ ഉദ്‌പ്പാദിപ്പിക്കുന്ന ഏലക്കായുടെ 80 ശതമാനവും കയറ്റി അയച്ചിരുന്നു. 1980-85 കാലഘട്ടത്തില്‍ 600 രൂപമുതല്‍ 900രൂപ വരെ ഏലത്തിന് വില ലഭിച്ചിരുന്നു. അന്ന് ഒരു ലിറ്റര്‍ കീടനാശിനിക്ക് 45 രൂപയും ഒരുചാക്ക് വളത്തിന് 100രൂപയുമായിരുന്നു വില തൊഴിലാളികളുടെ വേതനത്തിലും വന്‍ വര്‍ദ്ധനയുണ്ടായി. അന്ന് 12 രൂപ മുതല്‍ 18 രൂപ വരെയായിരുന്നു കൂലി. മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍ കീടനാശിനിയുടെ വില പത്തിരട്ടിയും തൊഴിലാളികളുടെ വേതനം 25 ഇരട്ടിയും വര്‍ദ്ധിച്ചപ്പോഴും ഏലംവില മാറ്റമില്ലാതെ തുടരുന്നു.
സ്‌പൈസസ് ബോര്‍ഡ് നിലവില്‍ വന്നശേഷമാണ് ഏലം മേഖലയുടെ തകര്‍ച്ച ആരംഭിച്ചതെന്ന് സമര നേതാവ് റെജി ഞളളാനി പറയുന്നു.കയറ്റുമതി കുത്തനെ കുറഞ്ഞു. ഉദ്‌പ്പാദനം വര്‍ദ്ധിപ്പിക്കാതെ ഇറക്കുമതി കൂടുതലായി നടത്തി കുത്തക വ്യാപാരികളെ സഹായിക്കുകയാണ് സ്‌പൈസസ് ബോര്‍ഡ് ചെയ്യുന്നത്. ലക്ഷങ്ങള്‍ വേതനം കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് കയറി ഇരിക്കാനുളള ഇടം മാത്രമായി സ്‌പൈസസ് ബോര്‍ഡ് ആഫീസുകള്‍ മാറിയതായും കര്‍ഷകര്‍ കുറ്റപ്പെടുത്തി.
പ്രാദേശിക തലത്തില്‍ കര്‍ഷക സമിതികള്‍ രൂപീകരിച്ച് ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കും. ഇതിനായി റെജി ഞളളാനി ചെയര്‍മാന്‍, ഷിബു ആക്കാട്ടുമുണ്ടയില്‍ വൈസ് ചെയര്‍മാന്‍, സുനില്‍ വണ്ടന്മേട് സെക്രട്ടറി, എംഎല്‍ആഗസ്‌തി ട്രഷറാര്‍ എന്നിങ്ങനെ സമര സമിതിയുടെ താല്‍ക്കാലിക പ്രചാരക കമ്മറ്റിക്ക് രൂപം നല്‍കി. പ്രാദേശിക കമ്മറ്റികളുടെ രൂപീകരണശേഷം വിപുലമായ കണ്‍വന്‍ഷന്‍ ചേര്‍ന്ന് ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും നോക്കള്‍ പറഞ്ഞു.

