ഭൂവനേശ്വര്‍: ഒഡീഷയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു. ജൂലൈ 26 മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. 10, 12 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പഠനം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യബ്രത സാഹു അറിയിച്ചു.
സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 1.30വരെയായിരിക്കും ക്ലാസുകള്‍ നടക്കുക. സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കപ്പെടുന്നുണ്ടോയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത മോശമായതിനാല്‍ 40 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസ് പ്രയോജനപ്പെട്ടതെന്ന് സാഹു പറഞ്ഞു. 60 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൊണ്ട് പ്രയോജനം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. നേരിട്ടുള്ള ക്ലാസുകളില്‍ പങ്കെടുക്കണം എന്ന് താല്‍പ്പര്യമുള്ള കുട്ടികള്‍ മാത്രം സ്‌കൂളിലെ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതിയെന്ന് സത്യബ്രത അറിയിച്ചു.