സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്‍ട്രപ്രണര്‍ഷിപ് പ്രോഗ്രാം: നീലേശ്വരം ബ്ലോക്കില്‍ ആരംഭിച്ചത് 1223 ചെറുകിട സംരംഭങ്ങള്‍

കാസര്‍കോട്: സാധാരണക്കാരനിലെ സംരംഭക നൈപുണ്യത്തെ പ്രോത്സാഹിപ്പിച്ച് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്‍ട്രപ്രണര്‍ഷിപ് പ്രോഗ്രാം (എസ്വിഇപി)  നീലേശ്വരം ബ്ലോക്കില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 1223 ചെറുകിട സംരംഭങ്ങളാണ് ബ്ലോക്കില്‍ ആരംഭിച്ചത്. 1488 വനിതകളും 140 പുരുഷന്‍മാരുമടക്കം 1,628 സംരംഭകരാണ് എസ്വിഇപിയിലുള്ളത്. കൂടാതെ 135 ഗ്രൂപ്പ് സംരംഭങ്ങളുമുണ്ട്.  നീലേശ്വരം ബ്ലോക്കിനു കീഴിലെ ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ, പിലിക്കോട്, തൃക്കരിപ്പൂര്‍, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തുകളിലാണ് എസ്.വി.ഇ.പി നടപ്പിലാക്കുന്നത്.

2018ല്‍ ആരംഭിച്ച പദ്ധതി ഗ്രാമീണ ജനവിഭാഗങ്ങളെ. പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും സ്ത്രീകളേയും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളേയും സ്വാശ്രയത്വത്തിലേക്ക് നയിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആദ്യമായി കുടുംബശ്രീ മൈക്രോ സംരംഭ സംവിധാനത്തിലൂടെ ഒരു സംരംഭക ഹബ് നീലേശ്വരം ബ്ലോക്കില്‍ എസ്വിഇപിയിലൂടെ സാധ്യമായി. സംരംഭകത്വ അഭിരുചിയുള്ള സാധാരണക്കാരെ സംരംഭം തുടങ്ങാന്‍ പ്രോത്സാഹിപ്പിച്ചും സഹായിച്ചും മുഖ്യധാരയിലെത്തിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും എസ്വിപിയിലൂടെ സാധിച്ചുവെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ പറഞ്ഞു.

നൈപുണ്യ പരിശീലനം

സംരംഭം ആരംഭിക്കുന്നതിന് മുമ്പായി മൊബിലൈസേഷന്‍, ജനറല്‍ ഓറിയന്റേഷന്‍ ട്രെയിനിങ്, എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നീ ഘട്ടങ്ങള്‍  പൂര്‍ത്തീകരിച്ച വ്യക്തികള്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കുന്നു.  2020-21 സാമ്പത്തികവര്‍ഷം 124 വ്യക്തികള്‍ക്ക് കേക്ക് മേക്കിങ്, ബേക്കറി ഐറ്റംസ് മേക്കിങ്, മാസ്‌ക് നിര്‍മാണം, പപ്പട നിര്‍മാണം, അച്ചാര്‍ നിര്‍മാണം, ടെയ്‌ലറിങ് ആന്റ് ഫാഷന്‍ ഡിസൈനിങ് എന്നീ മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കി സംരംഭം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോവിഡ് കാലഘട്ടത്തില്‍ എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി ഒരു തനത് ഓണ്‍ലൈന്‍ ക്യാമ്പയ്ന്‍- ഡീകോഡ് എസ്.വി.ഇ.പി ക്യാമ്പയ്ന്‍ സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ക്വിസ് മത്സര മോഡലില്‍ നടത്തിയ ക്യാമ്പയ്‌നില്‍ പങ്കെടുത്തു വിജയിച്ച 26 അംഗങ്ങള്‍ക്ക് എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി സംരംഭം തുടങ്ങാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി സംരംഭങ്ങള്‍ വിജയകരമായി തുടങ്ങി.

വിപണന മേള

2020-21 സാമ്പത്തികവര്‍ഷം  മാസചന്ത, ഓണചന്ത, ക്രിസ്മസ് ഫെയര്‍ ആന്റ് ന്യൂ ഇയര്‍ ഫെയര്‍ എന്നിങ്ങനെ നാല്  വിപണന മേളകളാണ് സംഘടിപ്പിച്ചത്. 80 ല്‍ അധികം സംരംഭകര്‍ പങ്കെടുത്ത വിപണനമേളകളില്‍ ഏഴ് ലക്ഷം രൂപയ്ക്ക് മുകളില്‍ വിറ്റുവരവും ലഭിച്ചു. എസ്.വി.ഇ.പി പദ്ധതിയുടെ വിവിധ സംരംഭങ്ങള്‍ നിര്‍മിച്ച പുട്ടു പൊടി, മല്ലിപ്പൊടി, പത്തിരിപ്പൊടി, ചിക്കന്‍ മസാല, സാമ്പാര്‍ പൊടി, മഞ്ഞള്‍പ്പൊടി, പപ്പടം, മുളകുപൊടി, മാസ്‌ക്, ഹാന്‍ഡ് വാഷ്, ഫ്ളോര്‍ ക്ലീനര്‍, സോപ്പ്, ലഘുഭക്ഷണം, തേന്‍, മെഴുകുതിരി, നെയ്യ്, അച്ചാര്‍, പുളി മുതലായ ഉല്‍പ്പന്നങ്ങള്‍ ഈ മേളകളിലൂടെ വിറ്റഴിച്ചു.

കെ ശ്രീ മാസ്‌ക്

കോവിഡ് പ്രധിരോധനത്തിന്റെ ഭാഗമായി കെ ശ്രീ മാസ്‌കും വിപണിയില്‍ എത്തിച്ചു. കാസര്‍കോട് ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ യൂനിറ്റുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കെ ശ്രീ മാസ്‌ക് എന്ന പേരില്‍  ബ്രാന്റിങ്ങോടുകൂടി മാസ്‌ക്കുകള്‍ നിര്‍മ്മിച്ചത്. എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായ 13 യൂണിറ്റുകള്‍ ഈ പദ്ധതിയിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. ഈ യൂണിറ്റുകള്‍ വഴി മാത്രം 14,000ല്‍ പരം മാസ്‌ക്കുകള്‍ തയ്ച്ചു നല്‍കുകയും 3.5 ലക്ഷം രൂപയില്‍ കൂടുതല്‍ വിറ്റുവരവ് നേടുകയും ചെയ്തു.

ജനകീയ ഭക്ഷണശാല

പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ (20 രൂപ) ഉച്ചയൂണ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ആരംഭിച്ച കേരള സര്‍ക്കാരിന്റെ തനത് പദ്ധതിയായ ജനകീയ ഭക്ഷണശാലയും നീലേശ്വരം ബ്ലോക്കിനു കീഴില്‍ എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച യൂണിറ്റുകളാണ്. തൃക്കരിപ്പൂര്‍, പടന്ന, ചെറുവത്തൂര്‍ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലാണ് ജനകീയ ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്.

കെ ശ്രീ പപ്പടം

ഒരു ജില്ല ഒരു ഉല്‍പ്പന്നം (ഒ.ഡി.ഒ.പി) പദ്ധതിയുടെ ഭാഗമായി കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ 16 എസ്.വി.ഇ.പി പദ്ധതി ഗുണഭോക്താക്കള്‍ അടങ്ങുന്ന നാല് യൂണിറ്റുകള്‍ ചേര്‍ന്ന ഒരു പപ്പട നിര്‍മാണ ക്ലസ്റ്റര്‍ രൂപീകരിച്ചു. ഈ യൂണിറ്റുകള്‍ക്ക് ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ടറി ആന്റ്  കോമേഴ്സിന്റെ ഇ.എസ്.എസ്.എ സ്‌കീം വഴിയും എസ്.വി.ഇ.പിയുടെ സി.ഇ.എഫ് വഴിയും ഫണ്ടുകള്‍ ലഭ്യമാക്കി. എട്ട് ലക്ഷത്തോളം രൂപയുടെ മൂല്യമുള്ള യന്ത്രസാമഗ്രികളാണ്  ഈ ക്ലസ്റ്ററിന്റെ പ്രവര്‍ത്തനത്തിനായി വാങ്ങിയത്

കരുതല്‍ ക്യാമ്പയ്ന്‍

എസ്.വി.ഇ.പി സംരംഭങ്ങള്‍ തയ്യാറാക്കിയ കിറ്റുകള്‍ കോവിഡ് കാലത്തെ കരുതല്‍ ക്യാമ്പയ്‌ന്റെ ഭാഗമായി നീലേശ്വരം ബ്ലോക്കില്‍ വിതരണം ചെയ്തു. 2020 ഓഗസ്റ്റ് 25 ന് 400 രൂപ വീതം വിലവരുന്ന 3,857 കിറ്റുകളാണ് നല്‍കിയത്. ബ്ലോക്കില്‍ വിതരണം ചെയ്ത മുഴുവന്‍ ഉല്‍പ്പന്നങ്ങളും എസ്.വി.ഇ.പി സംരംഭങ്ങള്‍ ഉല്‍പാദിപ്പിച്ചതായിരുന്നു. കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകള്‍ക്കാവശ്യമായ പപ്പടം, ഹാന്‍ഡ് വാഷ്, മാസ്‌ക്, തുണി ബാഗുകള്‍ എന്നിവയും എസ്.വി.ഇ.പി സംരംഭങ്ങള്‍ ഉല്‍പാദിപ്പിച്ചു. കരുതല്‍ ക്യാമ്പയ്ന്‍ വഴി 80 ല്‍ പരം സംരംഭകര്‍ക്ക് 20 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി.

നാല് വര്‍ഷമാണ് എസ്.വി.ഇ.പി പദ്ധതിയുടെ കാലാവധി. ആകെ 5.30 കോടി രൂപയാണ് പദ്ധതി തുക. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമായാണ് ചെറുവത്തൂര്‍ സിഡിഎസിനോട് ചേര്‍ന്ന് ബിആര്‍സി (ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) ഓഫീസ് 2018 മുതല്‍ പ്രവര്‍ത്തിക്കുന്നത്. ആറ് പഞ്ചായത്തിലെയും സംരംഭകരെ സഹായിക്കാനായി  ബിസിനസ് പരിജ്ഞാനം നേടിയ 12 മൈക്രോ എന്റര്‍പ്രൈസ് കണ്‍സല്‍ട്ടന്റ്മാര്‍ ഇവിടെ കര്‍മ്മനിരതരാണ്.

അയല്‍ക്കൂട്ടങ്ങള്‍, എഡിഎസ്, സിഡിഎസ് എന്നിവയിലൂടെ സംരംഭത്തിനാവശ്യമായ ബിസിനസ് അറിവ് പകര്‍ന്ന് നല്‍കുന്നതിനായി തദ്ദേശീയമായി തെരഞ്ഞെടുക്കപ്പെട്ട 15 ഓളം യുവതികളെയും സജ്ജരാക്കി. ഇവര്‍ക്ക്് ബിസിനസ് മാനേജ്‌മെന്റ്, സംരംഭങ്ങളുടെ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മേല്‍നോട്ടം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. 2021-2022 വര്‍ഷത്തില്‍ 528 സംരംഭങ്ങള്‍ തുടങ്ങാന്‍ പദ്ധതി ആസൂത്രണം പുരോഗമിക്കുകയാണ്.

വ്യക്തിഗത സംരംഭങ്ങള്‍ക്ക് 50000 രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് 100000 രൂപയുമാണ് ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റര്‍പ്രൈസ് പ്രൊമോഷന്‍ വഴി ലഭിക്കുന്ന പരമാവധി ഫണ്ട്. ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്ന സംരംഭകര്‍ക്ക് വ്യക്തിക്ക് 250,000 രൂപയ്ക്കും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് 10,00,000 രൂപയ്ക്കും 4 ശതമാനത്തിനു മേലെയുള്ള പലിശ സബ്സിഡിയും ലഭിക്കും. മറ്റുള്ള കുടുംബശ്രീ പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീ പുരുഷ ഭേദമന്യേ കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും പദ്ധതി പ്രയോജനം ലഭിക്കുന്നു വ്യത്യസ്തങ്ങളായ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും തുടര്‍ച്ചയായ വിപണി സംവിധാനവും പദ്ധതി വഴി ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →