കോവിഡിനെ നേരിടാന്‍ 23,000 കോടിയുടെ പാക്കേജ്; കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടിയുടെ സഹായം

ന്യൂഡൽഹി: കോവിഡ് 19 രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ 08/07/21 വ്യാഴാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒൻപത് മാസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കുമെന്നും ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

ഇതിൽ 15000 കോടി രൂപയാണ് കേന്ദ്രസർക്കാർ വിഹിതം. 8000 കോടി സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് പണം പ്രധാനമായും ചെലവഴിക്കുക.

നാളികേര വികസന ബോർഡ് പുനഃസംഘടിപ്പിക്കാനും വ്യാഴാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള ആളായിരിക്കില്ല ബോർഡ് പ്രസിഡന്റ്. തെങ്ങ് കൃഷിയെക്കുറിച്ച് പ്രായോഗിക അറിവും ധാരണയുമുള്ള ആളെയായിരിക്കും പ്രസിഡന്റാക്കുക. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മകൾ രൂപീകരിക്കുമെന്നും മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി.

കർഷകർക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നൽകും. കാർഷികോൽപന്ന വിപണന സമിതികൾ ശക്തിപ്പെടുത്തും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നീക്കിവെച്ച ഒരു ലക്ഷം കോടി രൂപ കാർഷികോൽപന്നങ്ങളുടെ സംഭരണത്തിനായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →